ജീവനെടുത്ത് ദുരന്ത മഴ; ജില്ലയിൽ ഒരാൾ മരിച്ചു; എലത്തൂരിലുൾപ്പെടെ മുപ്പത്തിലധികം വീടുകൾക്ക് നാശം


കൊയിലാണ്ടി: കാലാവർഷം കനക്കുമ്പോൾ തകർന്ന് ജില്ലയിലെ അനേക ജീവിതങ്ങൾ. പലർക്കും ഒരുപാട് നാളുകൾ കൊണ്ട് നിർമ്മിച്ചെടുത്തതും മറ്റു പലർക്ക് ജീവിതത്തിന്റെ ആകെ സമ്പാദ്യവും സുരക്ഷായുമായിരുന്ന വീടുകൾ കണ്ണിൻ മുന്നിൽ തകർന്ന് പോകുന്നത് നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. കടകളും തകർന്നിട്ടുണ്ട്. ജില്ലയിൽ ഒരു മരണവും സംഭവിച്ചു

താമരശ്ശേരി താലൂക്കിൽ തിരുവമ്പാടി വില്ലേജിലെ മരിയാപുരം ജോസഫ് എന്ന കുഞ്ഞുട്ടിയാണ് മരിച്ചത് സാംബ്രിയിലെ തോട്ടിൽ വീണാണ് മരിച്ചത്. മൃതദേഹം കണ്ടെടുത്തു. തുടർനടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

24 വില്ലേജുകളിലായി 30 വീടുകളാണ് ഭാ​ഗികമായി തകർന്നത്. ഫറോക്ക് വില്ലേജിലെ ജസീല പാണ്ടികശാലയുടെ വീടിനു മുകളിൽ തൊട്ടടുത്ത വീട്ടിലെ തെങ്ങു കടപുഴകി വീണതിനെ തുടർന്ന് ഭാ​ഗികമായി തകർന്നു.

പെരുമണ്ണ വില്ലേജിലെ ചെറുകയിൽ സുലോചനയുടെ വീടിനു മുകളിലും തെങ്ങ് കടപുഴകി വീണു. ചോറോട് വില്ലേജ് മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപം വി.പി. അബ്ദുള്ളയുടെ പലചരക്കു കട ശക്തമായ കാറ്റിലും മഴയിലും പൂർണമായും തകർന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു തീരദേശ റോഡിൽ വീഴാൻ സാധ്യത ഉള്ളതിനാൽ റോഡിൽ കയറുകൊണ്ട് കെട്ടി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

വളയം വില്ലേജിലെ തറോക്കണ്ടിയിൽ മാതുവിന്റെ വീടിന് മുകളിൽ തെങ്ങ് വീണു കേട്പാടുകൾ സംഭവിച്ചു. കൂത്താളിയിലെ എടക്കണ്ടി മലോൽ ഇബ്രായിയുടെ വീടിന് മുകളിൽ തേക്ക് മരം വീണാണ് വീട് ഭാഗികമായി തകർന്നത്.

ചത്തോത്ത് മീത്തൽ കുഞ്ഞി മൊയ്‌തീന്റെ വീടിന് മുകളിൽ തേക്ക് മരം മുറിഞ്ഞു വീണു. മരം വീണ് കെ.എസ്.ഇ.ബി പോസ്റ്റും തകർന്നു.

എലത്തൂർ വില്ലേജിലെ മൊകവൂരിൽ പെരിങ്ങിണി സുധാകരന്റെ വീടിന് തെങ്ങ് വീണ് ഭാഗികനാശനഷ്ടം സംഭവിച്ചു. കനത്ത മഴയിൽ ഫറോക്ക് ചന്തക്കടവ് കുഞ്ഞു വീട് പറമ്പിൽ ജമീലയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീണു. കക്കാട് വില്ലേജിൽ ഒക്കല്ലെറി സുബൈദയുടെ വീടിന്റെ മേൽക്കൂര തകർന്നു.

തേക്ക് മരം കെ.എസ്.ഇ.ബി ലൈനിനു മേൽ വീണ് സ്റ്റേ വയർ വലിഞ്ഞ് മാവൂർ പാലങ്ങാട് ദേശത്ത് ഉണിക്കുമരം വീട്ടിൽ ചന്ദ്രൻ നായരുടെ വീടിന് ഭാഗികനാശമുണ്ടായതായി റിപ്പോർട്ട്‌ ചെയ്തു.

കക്കാട് വില്ലേജിൽ കരിമ്പനകണ്ടി കാരിക്കുട്ടിയുടെ വീടിനു മുകളിൽ അയൽവാസിയുടെ മുറ്റം ഇടിഞ്ഞു വീണ് അടുക്കള ഭാഗം തകർന്നു.