കനത്ത മഴ: തങ്കമല ക്വാറി ഉള്‍പ്പെടെ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ കളക്ടറുടെ ഉത്തരവ്



ഇരിങ്ങത്ത്: മഴ കനത്തത്തോടെ തങ്കമല ക്വാറിയുള്‍പ്പെടെ ജില്ലയിലെ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കളക്ടറുടെ ഉത്തരവ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെക്കാനാണ് ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടത്.

മഴ കനത്തതിനാലും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുളള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിര്‍ത്തിവെക്കാനാണ് ഉത്തരവിലുള്ളത്.

ജില്ലയിലെ വെളളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍ , ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കും പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാവിലെ 7 മുതല്‍ രാത്രി വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്നും കളക്ടര്‍ ഉത്തരവിട്ടിരുന്നു.

മഴ ശക്തിപ്രാപിച്ചതോടെ തങ്കമല ക്വാറി പ്രദേശത്തുള്ളവര്‍ ഭീതിയിലായിരുന്നു. മലമുകളില്‍ ഖനനം കാരണം രൂപപ്പെട്ട കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കാരണം ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടാകുമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഓരോ ദിവസവും ഭീതിയോടെയാണ് കഴിഞ്ഞു പോവുന്നതെന്നും നാട്ടുകാര്‍ പ്രതികരിച്ചിരുന്നു.