മെലിഞ്ഞ ശരീരമാണോ പ്രശ്‌നം? വണ്ണം കൂട്ടാം ആരോഗ്യകരമായി
തടി കൂടുന്നതാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ മറ്റുചിലര്‍ക്ക് ഒട്ടും വണ്ണമില്ലാത്തതാണ് പ്രശ്‌നം. വണ്ണം കുറഞ്ഞതിന്റെ പേരില്‍ പരിഹാസങ്ങളും മറ്റും കേള്‍ക്കേണ്ടിവരുന്നവര്‍ പലപ്പോഴും വണ്ണം കൂട്ടാന്‍ സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങള്‍ക്ക് പിറകേ പോയി പണിവാങ്ങിക്കാറുണ്ട്. എളുപ്പപ്പണികള്‍ക്ക് പിന്നാലെ പോകാതെ ആരോഗ്യകരമായ വഴികളിലൂടെ തടികൂട്ടാവുന്നതാണ്.
പ്രോട്ടീന്‍: വണ്ണം കൂട്ടാനുള്ള ആദ്യപടിയായി മെലിഞ്ഞിരിക്കുന്നവര്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. പ്രോട്ടീന്‍ ശരീരഭാരം വര്‍ധിപ്പിക്കാന്‍ സഹായിക്കും. മുട്ട, മീന്‍, തൈര്, കോഴിയിറച്ചി, ബീഫ് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
അന്നജം: കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ വണ്ണം കൂട്ടാന്‍ സഹായിക്കും. അന്നജം കൂടുതല്‍ അടങ്ങിയ മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, കാരറ്റ് തുടങ്ങിയവ കഴിക്കുക. ഓട്‌സ് പോലെ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് പേശികളെ ബലപ്പെടുത്താന്‍ സഹായിക്കും. അന്നജം ധാരാളം അടങ്ങിയ ചോറ് പോലുള്ള ഭക്ഷണങ്ങള്‍ വണ്ണം വെക്കാന്‍ സഹായിക്കും.
പഴം: വണ്ണം വെക്കാന്‍ ഏത്തപ്പഴവും പാലും ദിവസവും കഴിക്കാം. ഏത്തപ്പഴം മുറിച്ച് നെയ്യില്‍ വഴറ്റി പഞ്ചസാര വിതറി കഴിക്കാം.
വണ്ണം കൂടിയത് കുറയ്ക്കാനുള്ള മാര്‍ഗമാണ് വ്യായാമം എന്നു കരുതി വ്യായാമം ചെയ്യാന്‍ മറക്കേണ്ട. വ്യായാമങ്ങള്‍ വിശപ്പുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.