മലമ്പനിക്കെതിരെ ഊര്‍ജ്ജിത പ്രതിരോധം; ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്


കോഴിക്കോട്: മഴക്കാലം കണക്കിലെടുത്ത്, കൊതുകു മൂലം പടരുന്ന രോഗമായ മലമ്പനി പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ്. അനോഫിലസ് വിഭാഗത്തില്‍പ്പെട്ട പെണ്‍ കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീ വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടു കൂടി ആരംഭിച്ച് ശക്തമായ പനിയും വിറയലും ദിവസേനയോ, ഒന്നിടവിട്ട ദിവസങ്ങളിലോ ആവര്‍ത്തിക്കാം. ഇതോടൊപ്പം മനം പുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം.

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി രക്തപരിശോധനയും ചികിത്സയും തേടണം. മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു വരുന്നവരില്‍ പനിയുടെ ലക്ഷണം കാണുകയാണെങ്കില്‍ മലമ്പനിയുടെ രക്ത പരിശോധന ചെയ്യുന്നത് ഉചിതമായിരിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ മലമ്പനിയുടെ രോഗനിര്‍ണയവും ചികിത്സയും തികച്ചും സൗജന്യമാണ്. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കുക, കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വീടിനടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.