”ലക്ഷ്യമിടുന്നത് ഒരു വര്‍ഷം പേരാമ്പ്രയിലെ നിരാലംബര്‍ക്കായി ഇരുപത് വീടുകള്‍ ഒരുക്കാന്‍”; ഹസ്ത ചാരിറ്റബിള്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ സ്‌നേഹവീടിന്റെ പ്രവൃത്തി തുടങ്ങി


പേരാമ്പ്ര: പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ജീവകാരുണ്യ രംഗത്ത് ശക്തമായ സാന്നിധ്യമറിയിച്ച് പേരാമ്പ്രയിലെ ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ്. കൂത്താളി പഞ്ചായത്തിലെ പേരാമ്പ്ര കുന്നിലെ ബിന്ദുവിനും മകള്‍ക്കും ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിക്കുന്ന സ്‌നേഹവീടിന്റെ തറക്കല്ലിടല്‍ മുന്‍ എം.പി കെ.മുരളീധരന്‍ നിര്‍വഹിച്ചു. ഹസ്തയുടെ രണ്ടാം സ്‌നേഹ വീടിന്റെ പ്രവൃത്തി ഇതോടെ ആരംഭിച്ചിരിക്കുകയാണ്.

പ്രശംസനീയമായ സാമൂഹ്യ ദൗത്യമാണ് ഹസ്ത ഏറ്റെടുത്തിരിക്കുന്നതെന്നും ജനങ്ങളുടെ പിന്തുണ ഹസ്തക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും ശിലാസ്ഥാപനം നിര്‍വഹിച്ചതിന് ശേഷം മുന്‍ എം.പി കെ.മുരളീധരന്‍ പറഞ്ഞു. ഏറ്റവും ദരിദ്രരായ ഭവന രഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയെന്നത് ഏറ്റവും വലിയ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനമാണെന്നും ഏഴ് ലക്ഷം ചെലവിട്ട് നിര്‍മിക്കുന്ന ഹസ്തയുടെ വീടുകള്‍ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ കെ.ഇമ്പിച്ചി അലി മുഖ്യാതിഥി ആയിരുന്നു. ഹസ്ത ജനറല്‍ സെക്രട്ടറി ഒ.എം.രാജന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സത്യന്‍ കടിയങ്ങാട്, കെ.മധു കൃഷ്ണന്‍, നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ കേളോത്ത്, കെ.ഗോകുല്‍ദാസ്, ജിതേഷ് മുതുകാട്, ബി.എം.അശ്വനി, എന്‍.കെ.കുഞ്ഞബ്ദുള്ള, മോഹന്‍ദാസ് ഓണിയില്‍, ടി.പി .പ്രഭാകരന്‍, മല്ലിക രാമചന്ദ്രന്‍, വി.പി.മോഹനന്‍, മണി കാപ്പുങ്കര, കെ.എം.രവി, പി.പത്മിനി, രാജന്‍ കെ.പുതിയേടത്ത് എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ നിരാലംഭരായവര്‍ക്ക് ഒരു വര്‍ഷത്തില്‍ ഇരുപത് വീടുകള്‍ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹസ്ത. പേരാമ്പ്ര പഞ്ചായത്തിലെ രോഗിയായ മീറങ്ങാട്ട് മീത്തല്‍ ചന്ദ്രനും കുടുംബത്തിനുമുള്ള ആദ്യ വീടിന്റെ നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂര്‍ കല്ലാത്തറമ്മല്‍ ഗിരീഷിനും കുടുംബത്തിനുമുള്ള വീടിന്റേതടക്കം നാല് വീടുകളുടെ ശിലാസ്ഥാപനം ഉടനെ നടക്കും.

പാവപ്പെട്ട രോഗികള്‍ സൗജന്യമരുന്ന് നല്‍കുന്ന മെഡികെയര്‍, കഠിനമായ ജോലികള്‍ ചെയ്തുകൂടാത്തവര്‍ക്ക് ഉപജീവന വഴി കണ്ടെത്തി നല്‍കുന്ന ജീവനം പദ്ധതിയെന്നിവയ്ക്കും ഹസ്ത നേതൃത്വം നല്‍കുന്നുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി കുറഞ്ഞ നിരക്കില്‍ സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോച്ചിങ് നല്‍കുന്ന സ്ഥാപനത്തിന് ഹസ്ത പേരാമ്പ്രയില്‍ തുടക്കമിട്ടിട്ടുണ്ട്.

Summary: Hastha charitable trust perambra snehaveedu