സ്വപ്ന സാക്ഷാത്ക്കാരത്തിനായി മാസങ്ങളായി സ്വരൂപിച്ച സമ്പാദ്യം, കിനാവിന്റെ ‘കുടുക്ക’ കാപ്പാടെ സ്നേഹതീരത്തിന് സമ്മാനിച്ച് കൊച്ചുമിടുക്കി ഹസ്റ ഫാത്വിമ


കൊയിലാണ്ടി: കാപ്പാട് കനിവു സ്നേഹതീരത്തിന് താൻ സ്വരൂപിച്ചു വെച്ച ‘കുടുക്ക ‘യിലെ സമ്പാദ്യം കെെമാറി കൊച്ചുമിടുക്കി. കാട്ടിലപ്പീടിക പരേതനായ ചെറിയാണ്ടി അയമുക്കയുടെ മകൻ കബീറിന്റെ മകൾ ഹസ്റ ഫാത്വിമയാണ് സ്വപ്നങ്ങൾക്കായി കരുതിവച്ച സമ്പാദ്യ കുടുക്ക സമ്മാനിച്ച് മാതൃക തീർത്തത്. സ്നേഹതീരത്ത് ഉപ്പയോടൊപ്പം നോമ്പുതുറ ബുക്ക് ചെയ്യാനെത്തിയപ്പോഴാണ് കുടുക്ക കെെമാറിയത്.

കഴിഞ്ഞ ദിവസമാണ് ഹസ്റ ഫാത്വിമ ഉപ്പയ്ക്കൊപ്പം സ്നേഹതീരത്ത് എത്തുന്നത്. നോമ്പുതുറ ബുക്ക് ചെയ്യാനെത്തിയതായിരുന്നെങ്കിലും വെറും കയ്യോടെ ആയിരുന്നില്ല ഹസ്റയുടെ വരവ്. മാസങ്ങളായി താൻ സ്വരൂപിച്ചു വെച്ച ‘കുടുക്ക ‘ സ്നേഹതീരത്തിനു സമ്മാനിക്കാൻ കൂടെയായിരുന്നു. ഉമ്മയും, ബാപ്പയും കുടുംബക്കാരും സ്നേഹ സമ്മാനമായി നൽകിയ നാണയങ്ങളിലൂടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കരുതിയ പണമായിരുന്നു കുടുക്ക നിറയെ.

ഒരു പക്ഷെ, വീട്ടുമുറ്റത്ത് ചവിട്ടിക്കളിക്കാൻ ഒരു സൈകിൾ, അതല്ലങ്കിൽ മിന്നിത്തിളങ്ങുന്ന ഒരു കൊച്ചുടുപ്പ്, അതുമല്ലങ്കിൽ കാലിലൊരു പാദസ്വരം. ഇങ്ങിനെ ഏതെങ്കിലും ഒരു സ്വപ്നത്തെ ഈ കൊച്ചുമിടുക്കിയും ഓമനിച്ചിരിക്കാം. ആ ഒരു ആഗ്രഹത്തെയാണ് ഹസ്റ തല്കാലം വേണ്ടെന്നു വെച്ചത് ! അത് തന്റെ സ്നേഹതീരത്തെ ഉപ്പൂപ്പമാർക്കും, ഉമ്മൂമ്മാർക്കും കിടക്കട്ടെ എന്നു ഹസ്റയങ്ങ് തീരുമാനിക്കുകയായിരുന്നു. ബുഷ്റയാണ് ഹസ്റയുടെ ഉമ്മ.