രണ്ട്മാസത്തെ കൃത്യതയാര്‍ന്ന പരിപാലനം; അഭയം റസിഡന്‍ഷ്യല്‍ കെയര്‍ ഹോമില്‍ വിരിയിച്ചെടുത്ത ചെണ്ടുമല്ലികളുടെ വിളവെടുപ്പ് നടത്തി


ചേമഞ്ചേരി: രണ്ട് മാസത്തെ പരിപാലനത്തിനൊടുവില്‍ അഭയം റസിഡന്‍ഷ്യല്‍ കെയര്‍ ഹോമില്‍ വിരിയിച്ചെടുത്ത ചെണ്ടുമല്ലികളുടെ വിളവെടുപ്പ് നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതി പ്രകാരമാണ് കൃഷി നടത്തിയത്.

അഭയം കെയര്‍ഹോമില്‍ 25 സെന്റില്‍ വിളയിച്ചെടുത്ത ഓറഞ്ച് നിറത്തലുള്ള ചെണ്ടുമല്ലികളാണ് വിരിഞ്ഞിരിക്കുന്നത്. ഏകദേശം 1500 ഓളം തൈകളാണ് നട്ടത്. നാല്‍പ്പത്തിയഞ്ച് ദിവസത്തിലധികം പരിപാലനം കൊണ്ടാണ് ഇവ മുഴുവനായും വിരിഞ്ഞിരിക്കുന്നത്. അഭയം കെയര്‍ ഹോമിലെ അധ്യാപകരും മറ്റുമാണ് ചെണ്ടുമല്ലികൃഷിയുടെ പരിപാലനത്തിനായി ഇറങ്ങിത്തിരിച്ചതും.

ചെണ്ട് മല്ലിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. അഭയം ജനറല്‍ സെക്രട്ടറി മാടഞ്ചേരി സത്യനാഥന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി. ലതിക ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ. ഓഡിനേറ്റര്‍ കെ.വി ദീപ, കെ.പി ഉണ്ണി ഗോപാലന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ പൊറോളി , തരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി. ഗിരിജ നന്ദി പറഞ്ഞു.