കിട്ടിയത് മികച്ച വിളവ്, അംഗീകൃത ലൈസന്‍സോടെ മഞ്ഞള്‍പൊടി വിപണനം നടത്തും; മൂടാടിയില്‍ മഞ്ഞള്‍വനം പദ്ധതിയുടെ വിളവെടുപ്പ് തുടങ്ങി


മൂടാടി: ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗവണ്‍മന്റ് സ്ഥാപനമായ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കിയ മഞ്ഞള്‍ വനം പദ്ധതിയുടെ വിളവെടുപ്പ് ആരംഭിച്ചു. പ്രതീക്ഷയില്‍ കവിഞ്ഞ വിളവാണ് കിട്ടിയതെന്ന് കൃഷി ചെയ്ത വനിതാ ഗ്രൂപ്പ് അംഗങ്ങള്‍ പറഞ്ഞു. കുര്‍ക്കുമിന്‍ ഘടകം കൂടുതലുള്ള പ്രഗതി വിത്താണ് ഉപയോഗിച്ചത്. 500 കിലോ വിത്ത് സൗജന്യമായി ഗവേഷണ കേന്ദ്രം നല്‍കുകയായിരുന്നു.

മഞ്ഞളിന്റ ശാസ്ത്രിയ പരിചരണ രീതികളെപ്പറ്റി ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ കര്‍ഷകര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ നിലമൊരുക്കലും ചെയ്തു. അംഗീകൃത ലൈസന്‍സോടെ മഞ്ഞള്‍ പൊടി വിപണനം നടത്താനാണ് പഞ്ചായത്ത് ഉദേശിക്കുന്നത്. പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. വാര്‍ഡ് മെമ്പര്‍ എം.പി.അഖില അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വാര്‍ഡ് മെമ്പര്‍ കെ.പി.ലത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത, അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സുനിത.എം.പി. സ്വാഗതവും പുഷ്പ നന്ദിയും പറഞ്ഞു.