ഈ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കൊയിലാണ്ടിയ്ക്ക് അഭിമാനം; മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണ ലോക്കറ്റ് വീട്ടുടമയ്ക്ക് തിരിച്ച് നല്കി മാതൃകയായി വിയ്യൂര്‍ സ്വദേശിനികളായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍
കൊയിലാണ്ടി: പന്തലായനിയില്‍ ഹരിത കര്‍മ്മസേന വീടുകള്‍ കയറി വേസ്റ്റ് ശേഖരിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണ്ണ ലോക്കറ്റ് ഭദ്രമായി വീട്ടുടമയ്ക്ക് തിരിച്ചേല്‍പ്പിച്ച് വിയ്യൂര്‍ സ്വദേശികളായ ഹരിതകര്‍മ്മ സേനാംഗങ്ങള്‍. ഇന്നലെയാണ് കൊയിലാണ്ടി നഗരസഭ പന്ത്രണ്ടാംവാര്‍ഡ് പുത്തലത്തുകുന്നില് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വീടുകള്‍ കയറി പാഴ്വസ്തുക്കള് ശേഖരിക്കാനിറങ്ങിയത്.
ഇന്നലെ ഉച്ചയോടെ പന്തലായനി അഘോര ശിവക്ഷേത്രത്തിന് സമീപം ബാങ്ക് മാനേജരായ പത്മയുടെ നയനം’ വീട്ടില്‍ പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെയാണ് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണ്ണ ലോക്കറ്റ് ലഭിക്കുന്നത്. ഇവിടെ നിന്നും കാര്‍ബോര്‍ഡ്, പ്ലാസ്റ്റിക്ക് കുപ്പികള്‍, പഴയ പേപ്പറുകള്‍ എന്നിവ കൃത്യമായി പെറുക്കി വെയ്ക്കുന്നതിനിടെയാണ് പേപ്പര്‍ കെട്ടുകളില്‍ നിന്നും പൊതിഞ്ഞ നിലയില്‍ സ്വര്‍ണ്ണ ലോക്കറ്റ് ലഭിക്കുന്നത്.
ഉടനെ തന്നെ ഹരിത കര്‍മ്മ സേനാംഗങ്ങളായ ഗീതയും പ്രസീതയും ലോക്കറ്റ് വീട്ടുകാരെ ഏല്‍പ്പിക്കുകയായിരുന്നു. പത്മയുടെ മകന്റെ ഭാര്യയുടെ സ്വര്‍ണ്ണ ലോക്കറ്റായിരുന്നു ഇത്. പ്രസവ ആവശ്യങ്ങള്‍ക്കായി ആശുപത്രിയിലേയ്ക്ക് പോകുന്നതിന് മുന്‍പായി ധരിച്ചിരുന്ന സ്വര്‍ണ്ണം പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയായിരുന്നു. സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ഇത് നല്‍കിയതോടെയാണ് കാണാതായ വിവരം പോലും ശ്രദ്ധിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.
തിരികെ ലഭിച്ച സന്തോഷത്തിലും ഹരിതകര്‍മ്മ സേനയുടെ മാതൃകാപരമായ പെരുമാറ്റത്തിലും നന്ദി രേഖപ്പെടുത്തുകയാണ് വീട്ടുകാര്‍. വിയ്യൂര്‍ കോളോറോട്ട് താഴെ സ്വദേശിനിയാണ് ഗീത വിയ്യൂര്‍ ഇടവട്ട്മൂലക്കുനി സ്വദേശിനിയാണ് പ്രസീത.ഇവരുടെ മാതൃകാപരമായ പ്രവൃത്തിയില്‍ കയ്യടിക്കുകയാണ് നാട്ടുകാര്‍.
Summary: Harita Karma Sena members from Viyur safely returned the gold locket found while collecting waste in Pantalayani houses.