”രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി, അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ” രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹണി റോസ്
കൊച്ചി: സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ഹണി റോസ് രംഗത്ത്. സ്ത്രീകള്‍ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യം ആക്കും എന്നാണ് ഹണി റോസ് പറയുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ബോബി ചെമ്മണ്ണൂരിന് അനുകൂലിച്ചും ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും രാഹുല്‍ സംസാരിച്ചതിന് പിന്നാലെയാണ് ഹണിയുടെ വിമര്‍ശനം.
‘തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ’ എന്നും ഹണി റോസ് പരിഹസിക്കുന്നു.
ഹണി റോസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
ശ്രീ രാഹുല്‍ ഈശ്വര്‍
താങ്കളുടെ ഭാഷയുടെ മുകളില്‍ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചര്‍ച്ചക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടു തന്നെ രാഹുല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുല്‍ നില്‍ക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യം ആക്കും.
പക്ഷെ തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ കാരണം സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാല്‍ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്.
എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടിവന്നാല്‍ ഞാന്‍ ശ്രദ്ധിച്ചു കൊള്ളാം.