താരന്‍ അകറ്റാനുള്ള വഴി നിങ്ങളുടെ അടുക്കളയിലുണ്ട്; എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നാല് ഹെയര്‍ പാക്കുകള്‍ പരിചയപ്പെടാം
മുടികൊഴിച്ചിലിന് കാരണമാകുന്ന പ്രധാന വില്ലനാണ് താരന്‍. പല കാരണങ്ങള്‍ കൊണ്ടും താരന്‍ ഉണ്ടാകാം. താരനെ നേരിടാന്‍ ഷാമ്പൂകളും മറ്റും പതിവായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ തന്നെ ബാധിക്കാറുണ്ട്. എന്നാല്‍ മുടി നശിക്കുമെന്ന പേടിയില്ലാതെ താരനെ ഓടിക്കാന്‍ ചില വഴികളുണ്ട്. നമ്മുടെ അടുക്കളയില്‍ തന്നെയുള്ള ഉല്പന്നങ്ങള്‍ ഇതിന് ഉപയോഗിക്കാം. അവ ഏതെന്നു പറയാം
തൈര്: തൈരില്‍ മുടിക്ക് ആവശ്യമായ വിറ്റാമിനുകളും വിറ്റാമിന്‍ ബി 3, ലാക്റ്റിക് ആസിഡ്, കാല്‍സ്യം, ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും ഉണ്ട്. തൈരിന്റെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ താരന്‍, വരണ്ട മുടി എന്നിവയെ അകറ്റി നിര്‍ത്തുന്നു.
അല്‍പം തൈരിലേക്ക് കുറച്ച് നാരങ്ങ നീര് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഒരു ഹെയര്‍ പാക്ക് ഉണ്ടാക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച ശേഷം ഉണങ്ങാനായി കാത്തിരിക്കുക. 15 മിനുട്ട് കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുടി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
ഉലുവ: ഉലുവയില്‍ അമിനോ ആസിഡുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ 1 കപ്പ് വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ക്കാന്‍ വയ്ക്കുക. പിറ്റേന്ന് രാവിലെ, അവയെ ഏറ്റവും നല്ല പേസ്റ്റാക്കി തലയോട്ടിയില്‍ പുരട്ടുക. 15 മിനുട്ടിന് ശേഷം മുടി കഴുകുക.
കറിവേപ്പില: കറിവേപ്പില മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. കുറച്ച് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിലെ എല്ലാ ഭാഗത്തും തുല്യമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
വേപ്പ്: താരനകറ്റാന്‍ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയാണ് വേപ്പിലയും വെളിച്ചെണ്ണയും. വേപ്പിന് ആന്റി ഫംഗസ് ഗുണങ്ങളുണ്ട്. അതിനാല്‍ ഇത് താരന്‍ ഉണ്ടാക്കുന്ന അണുബാധയ്ക്കെതിരെ പോരാടുന്നു. വേപ്പ്, വെളിച്ചെണ്ണ എന്നിവ ഒത്തുചേരുമ്പോള്‍ ആന്റിസെപ്റ്റിക് പേസ്റ്റായി മാറുന്നു. ഇത് ചൊറിച്ചില്‍ കുറയ്ക്കുന്നു.