”ജി.വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് എന്ന സര്‍ട്ടിഫിക്കറ്റുമായി പെണ്‍കുട്ടികള്‍ പുറത്ത് പഠിക്കാന്‍ പോകുമ്പോള്‍ അവര്‍ ഈ സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യതയെ സംശയിക്കില്ലേ” മിക്‌സ്ഡ് ആക്കി പേരുമാറ്റിയെങ്കിലും കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സര്‍ട്ടിഫിക്കറ്റുകളില്‍ ഇപ്പോഴും ബോയ്‌സ് സ്‌കൂള്‍; ആശങ്കയറിയിച്ച് രക്ഷിതാക്കള്‍
കൊയിലാണ്ടി: പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം അനുവദിച്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്രട്ടറി സ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ സ്‌കൂളിന്റെ പഴയ പേര് തന്നെ. ജി.വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് കൊയിലാണ്ടിയെന്ന പേരാണ് കഴിഞ്ഞവര്‍ഷവരെയുള്ള സര്‍ട്ടിഫിക്കറ്റുകളിലും ഈ വര്‍ഷം എസ്.എസ്.എല്‍.സി പാസായ പെണ്‍കുട്ടികളിടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് ലിസ്റ്റുകളിലുമുള്ളത്.
രക്ഷിതാക്കള്‍ക്ക് ഇടയില്‍ ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍. ” ജി.വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് എന്ന സര്‍ട്ടിഫിക്കറ്റുമായി പുറത്ത് വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടി വരുമ്പോള്‍ അവര്‍ ഈ സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യതയെ സംശയിക്കില്ലേ” എന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്.
ഈ സ്‌കൂളിന് അടുത്തുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന കൊയിലാണ്ടി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം അനുവദിക്കുകയും ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പന്തലായനി എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. ഈ വര്‍ഷം എസ്.എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റുകളിലും ഇതേ പേര് തന്നെയാണ് ഉള്ളത്. എന്തുകൊണ്ട് ആറ് വര്‍ഷം മിക്‌സഡ് ആക്കിയ സ്‌കൂളില്‍ നിന്നും നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പഴയ പേര് തന്നെ ആവര്‍ത്തിക്കുന്നുവെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്.
ഔദ്യോഗിക രേഖകളില്‍ പേരില്‍ മാറ്റം വരുത്തിയാലും പരീക്ഷാ ഭവനില്‍ ഇതിനായി അപേക്ഷ നല്‍കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകളിലെ പേരുകളില്‍ മാറ്റം വരൂ എന്നാണ് ഡി.ഇ.ഒ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഇതിനായി സ്‌കൂള്‍ അധികൃതര്‍ അപേക്ഷ നല്‍കിയിട്ടുണ്ടോയെന്ന കാര്യം രേഖകള്‍ പരിശോധിച്ചശേഷമേ പറയാന്‍ കഴിയൂവെന്നും അവര്‍ വ്യക്തമാക്കി.
സ്‌കൂളില്‍ നിന്നും രണ്ടുതവണ ഇത്തരത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ അധ്യാപകനായ വിജയന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഈ വര്‍ഷം മുതല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ സാങ്കേതികമായ പ്രശ്‌നമാണ് പേര് മാറ്റം വരാത്തതിന് പിന്നിലെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നുദിവസം മുമ്പ് പരീക്ഷാ ഭവന് ഇത് സംബന്ധിച്ച അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് സ്‌കൂളിലെ പ്രധാനാധ്യാപികയായ അജിത കുമാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഡിസംബറിലാണ് ചുമതലയേറ്റത്. അതിന് മുമ്പുള്ള കാര്യങ്ങള്‍ അറിയില്ല. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സ്‌കൂളിന്റെ ഇപ്പോഴത്തെ പേരില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അതിനുള്ള ഇടപെടലുകളുണ്ടാവുമെന്നും അവര്‍ ഉറപ്പുനല്‍കി.
ഇപ്പോഴാണ് ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതെന്ന് സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് സുജീന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തീര്‍ച്ചയായും ഈകാര്യങ്ങള്‍ സ്‌കൂളിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പേര് മാറ്റം വരുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.