ഗുരുദേവ കോളേജിലെ സംഘര്‍ഷം: പ്രിന്‍സിപ്പല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി, അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനും സംരക്ഷണം നല്‍കാന്‍ ഉത്തരവ്‌


കൊയിലാണ്ടി: സംഘര്‍ഷമുണ്ടായ കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സുനില്‍ ഭാസ്‌കര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

അടിയന്തര സാഹചര്യമുണ്ടായാല്‍ പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്നും, കോളേജ് അധികൃതരുടെ അനുമതി ഇല്ലാതെ പുറത്ത് നിന്നുള്ളവരെ കോളേജില്‍ പ്രവേശിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ജൂലൈ ഒന്നിനാണ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളേജ് അധികൃതരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവിന്റെ ചെവിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

പിന്നാലെ പ്രിന്‍സിപ്പലാണ് അഭിനവിനെ മര്‍ദ്ദിച്ചതെന്ന് എസ്.എഫ്.ഐ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്റെ കൈപിടിച്ച് തിരിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് പ്രിന്‍സിപ്പലും ആരോപണം ഉന്നയിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐ നല്‍കിയ പരാതിയില്‍ പ്രിന്‍സിപ്പലിനെയും സ്റ്റാഫ് സെക്രട്ടറിയെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച്‌ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കൊയിലാണ്ടി പോലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇക്കാര്യം അറസ്റ്റ് എന്ന രീതിയില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോം വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ തെറ്റ് മനസിലാക്കിയതോടെ ഞങ്ങള്‍ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രിയപ്പെട്ട വായനക്കാരോട് കൊയിലാണ്ടി ന്യൂസ് ഡോട് കോം ഖേദം പ്രകടിപ്പിക്കുന്നു.