മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങും; ഗുരു ചേമഞ്ചേരി പുരസ്‌കാര സമര്‍പ്പണം ജൂലൈ 16ന്


ചേമഞ്ചേരി: ഗുരു ചേമഞ്ചേരി പുരസ്‌കാര സമര്‍പ്പണം ജൂലായ് 16 ചൊവ്വാഴ്ച നടക്കും. ചെണ്ട വാദന രംഗത്തെ അദ്വിതീയ സാന്നിധ്യം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് ഗോവാ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പുരസ്‌കാരം സമര്‍പ്പിക്കും.

ഡോക്ടര്‍ ഒ.വാസവന്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, ശിവദാസ് ചേമഞ്ചേരി എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവായി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരെ തെരഞ്ഞെടുത്തിരിക്കുന്നത്. താളവാദ്യകലയിലെ അപൂര്‍വ്വ സുന്ദര സാന്നിധ്യമായ മട്ടന്നൂരിന് ജൂലായ് 16 ന് കൊയിലാണ്ടി നഗരസഭാ ടൗണ്‍ഹാളില്‍ ഒരുക്കുന്ന സാംസ്‌കാരിക സദസ്സില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

കാനത്തില്‍ ജമീല എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിടക്കെപ്പാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ തുടങ്ങി കലാ സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലോപഹാരങ്ങള്‍ അരങ്ങേറും.

മലബാറിലെ അമ്പത് പ്രശസ്ത തായമ്പക കലാകാരന്മാര്‍ ഒരു വേദിയില്‍ അണിചേരുന്ന സവിശേഷമായ തായമ്പക വാദനം, തായമ്പകോപദ, അഷ്ടപദിയാട്ടം, കൃഷ്ണാമൃതം, നൃത്ത, സംഗീത ശില്പം, എന്നീ പരിപാടികള്‍ പുരസ്‌കാര വേദിയെ ധന്യമാക്കും.

മലബാറിന്റെ കലാപാരമ്പര്യത്തിന്റെ നിത്യ തേജസ്സാര്‍ന്ന അടയാളമാണ് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ രാമന്‍ നായര്‍. 2021 മാര്‍ച്ച് 15 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കഥകളിയോടൊപ്പം മറ്റു കലാരൂപങ്ങളുടെയും സമഗ്ര പുരോഗതിക്ക് തന്റെ ജീവിതമത്രയും ഉഴിഞ്ഞു വച്ച സമ്പൂര്‍ണ്ണ കലാകാരനായിരുന്നു ഗുരു ചേമഞ്ചേരി. നൂറ്റി അഞ്ചാം വയസ്സില്‍ മരണപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പുവരെ ഗുരു അരങ്ങിലെ നിറ സാന്നിധ്യമായിരുന്നു.

ചേലിയ കഥകളി വിദ്യാലയം, പൂക്കാട് കലാലയം ഉള്‍പ്പടെ നിരവധി കലാസ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടതും ഗുരുവായിരുന്നു. ഗുരുവിന്റെ നിത്യസ്മരണക്കായി അദ്ദേഹം സ്ഥാപിച്ചു വളര്‍ത്തിയ കഥകളി വിദ്യാലയം ഏര്‍പ്പെടുത്തിയ കലാ പുരസ്‌കാരമാണ് ഗുരു ചേമഞ്ചേരി പുരസ്‌കാരം. 2023 ല്‍ ആദ്യ പുരസ്‌കാരത്തിനര്‍ഹനായത് പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍ ആയിരുന്നു.