ഹൃദയത്തിൽ എന്നെന്നും; കലാപ്രവർത്തകരുടെ പ്രണാമങ്ങൾ ഏറ്റുവാങ്ങി ഗുരു ചേമഞ്ചേരി അനുസ്മരണം
കൊയിലാണ്ടി: ഓർമ്മകളിൽ മായാതെ ഗുരു ചേമഞ്ചേരി. ഒരു മാസക്കാലത്തോളം നീണ്ടു നിന്ന ആഘോഷങ്ങൾക്ക് സമാപനം. കഥകളി വിദ്യാലയത്തിൽ നടന്ന സമാപന സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
‘ഒരിക്കലും അണയാത്ത നിറദീപമായി ഗുരു നമ്മുടെ പരിസരങ്ങളിൽ നിലനിൽക്കുന്നു. സ്വജീവിതത്തിലൂടെ അദ്ദേഹം നമ്മളിലേക്ക് പകർന്നു തന്നെ ഗുണഭാവങ്ങൾ ഏറ്റെടുക്കുക എന്നതാണ് നമ്മിൽ അർപ്പിതമായ കർത്തവ്യം.’ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഗുരുവിന്റെ ചരമ വാർഷികാചരണത്തോടനുബന്ധിച്ച് ഒരു മാസത്തിലധികം നീണ്ടു നിന്ന ആഘോഷ പരിപാടികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഗുരുവിന്റെ പൂർണകായ പ്രതിമ കഥകളി വിദ്യാലയത്തിൽ സ്ഥാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ 200 ലേറെ കേന്ദ്രങ്ങളിൽ അനുസ്മരണ സാംസ്കാരിക സദസുകൾ, സ്മൃതിയാത്ര എന്നിവയും സംഘടിപ്പിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.എം. കോയ, പി വിശ്വൻ മാസ്റ്റർ, കെ.പി. രാധാകൃഷ്ണൻ, കാവിൽ പി. മാധവൻ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ ഡോ.എൻ.വി.സദാനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുൾ ഷുക്കൂർ, ജി പ്രശോഭ് സംസാരിച്ചു. ജില്ലയിലെ പ്രശസ്തരായ 40 ചിത്രകാരൻമാർ കഥകളിയിലെ വേഷപ്പകർച്ചകൾ പകർത്തി വരച്ചെടുത്ത ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായി.