ആര്‍ത്തവ സമയത്തെ വയറുവേദനയ്ക്ക് ഈ മരുന്നാണോ കഴിക്കാറുള്ളത്? എങ്കില്‍ ജാഗ്രത വേണമെന്ന് നിർദേശം


ര്‍ത്തവ സമയത്തെ വയറുവേദനയ്ക്ക് പൊതുവില്‍ ഒട്ടുമിക്കപേരും വാങ്ങി കഴിക്കുന്ന വേദനാസംഹാരിയാണ് മഫ്താല്‍. ആര്‍ത്തവ വേദനയ്ക്ക് പുറമേ ഡ്മനോറിയ, പനി, പല്ലുവേദന, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും മെഫെനാമിക് ആസിഡ് അടങ്ങിയ മെഫ്താല്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.

എന്നാല്‍ ഈ വേദനാസംഹാരിയുടെ ഉപയോഗത്തില്‍ ജാഗ്രതവേണമെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍. മെഫ്താല്‍ ആന്തരിക അവയവങ്ങളെ ബാധിക്കുന്ന തരത്തില്‍ അലര്‍ജിക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.

ഈസ്നോഫീലിയ, സിസ്റ്റമിക് സിംപ്റ്റംസ് സിന്‍ഡ്രം എന്നിവയാണ് മെഫ്താളിന്റെ സൈഡ് എഫക്ട്‌സ് ആയി വരുന്നത്. ഉയര്‍ന്ന പനി, ശ്വാസ തടസം, കിതപ്പ്, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, വയറുവേദന, വയളിളക്കം, ഓക്കാനം, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് നിര്‍ദ്ദേശം. മരുന്ന് ഉപയോഗിച്ച് പ്രതികൂല പ്രതികരണങ്ങളുണ്ടായാല്‍ www.ipc.gov.in എന്ന വെബ്സൈറ്റു വഴിയോ, എ.ഡി.ആര്‍ പി.വി.പി.ഐ ആപ്പിലൂടെയോ അറിയിക്കണമെന്നും ഐ.പി.സി പറയുന്നു. ഹെല്‍പ്പ് ലൈന്‍ നമ്പര്‍. 1800-180-3024.

വൃക്ക, ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ് തുടങ്ങിയ പല അവയവങ്ങളെയും പാര്‍ശ്വഫലങ്ങള്‍ ബാധിക്കാം. എല്ലാ കേസുകളിലും ഇങ്ങനെ സംഭവിക്കണമെന്നില്ലെങ്കിലും സാധ്യകളേറെയാണ്. അതിനാല്‍ ജാഗ്രത നിര്‍ബന്ധമെന്ന് അധികൃതര്‍ പറയുന്നു.