Kerala budget 2024: കെ.റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ, കോഴിക്കോടിന് ലൈറ്റ് മെട്രോ; കെ.എന്‍.ബാലഗോപാല്‍


കോഴിക്കോട്: കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെയാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നും ബജറ്റ് അവതരിപ്പിക്കവെ അദ്ദേഹം പറഞ്ഞു.

‘അതിവേഗ ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാറുമായുള്ള കൂടിയാലോചനകള്‍ തുടരുകയാണ്’ എന്നാണ് ധനമന്ത്രി പറഞ്ഞത്.

തിരുവനന്തപുരം മെട്രോയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് മെട്രോ പദ്ധതിയെന്ന പ്രതീക്ഷയും അദ്ദേഹം ബജറ്റ് അവതരണത്തിനിടയില്‍ പങ്കുവെച്ചു.

വന്ദേഭാരത് എക്സ്പ്രസുകള്‍ വന്നതോടുകൂടി സംസ്ഥാനസര്‍ക്കാരിന്റെ നിലപാടിലെ ശരി ജനങ്ങള്‍ക്കുമാത്രമല്ല മുഖ്യധാര മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയില്‍ വികസനം അവഗണിക്കപ്പെട്ടു എന്നതാണ് വസ്തുത. ട്രെയിന്‍ യാത്രക്കാര്‍ വലിയ ദുരിതത്തിലാണ്. റെയില്‍വേ വഴിയുള്ള ചരക്കുനീക്കവും വലിയ പ്രതിസന്ധിയിലാണ്.

കേരളത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം റെയില്‍വേയ്ക്ക് ഓടിയെത്താനാകുന്നില്ല. നിലവിലുള്ള റെയില്‍പാതകളുടെ നവീകരണവും വളവുനിവര്‍ത്തലും ഡബിള്‍ ലൈനിങും പൂര്‍ത്തിയാകുന്നതോടൊപ്പം പുതിയ ഹൈസ്പീഡ് പാത കൂടി വരേണ്ടത് മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.