ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മകനെ നഷ്ടപ്പെട്ടതിൽ തകർന്ന കുടുംബത്തിന്റെ അരികിൽ കാനത്തിൽ ജമീല എം.എൽ.എ എത്തി, ഒപ്പമുണ്ടാവുമെന്ന് പറയാൻ; മൂടാടി സ്വദേശി ഷിഹാബിന്റെ കുടുംബത്തിന് തണലായി അടിയന്തരമായി ധനസഹായം നൽകി സർക്കാർ


കൊയിലാണ്ടി: കുടുബത്തിന്റെ അത്താണിയായ മകനെ കടലമ്മ കവർന്നെടുത്തപ്പോൾ കണ്ണീരൊഴുക്കാനല്ലാതെ മറ്റൊന്നിനും മുത്തായത്ത് കോളനിയിലെ ഇബ്രാഹിമിനും, ഫാത്തിമയ്ക്കും കഴിയുമായിരുന്നില്ല. സാധാരണപോലെയാണ് ഷിഹാബ് അന്നും കടലിൽ പോയത്. എന്നാൽ കരയ്ക്ക് സമീപമെത്താറായപ്പോൾ കടൽപ്രക്ഷുബ്ധമാവുകയും ഷിഹാബ് സഞ്ചരിച്ച തോണി മറിയുകയുമായിരുന്നു. നേവിയും കോസ്റ്റൽ ​ഗാർഡുമൾപ്പെടെ തിരച്ചിലിനായുണ്ടായിരുന്നെങ്കിലും ഷിഹാബിനെ കണ്ടെത്താനായില്ല.

മകനെ നഷ്ടപ്പെട്ട വേദനയിലും ഷിഹാബിന്റെ കുടുംബത്തിന് തണലാവുകയാണ് സർക്കാർ. ഫിഷറീസ് ക്ഷേമനിധിയിൽ നിന്നും അനുവദിച്ച അടിയന്തരമായി ധനസഹായം കാനത്തിൽ ജമീല എംഎൽഎ കുടുംബത്തിന് കെെമാറി. വീട്ടിൽ നേരിട്ടെത്തിയ എംഎൽഎ ബന്ധുക്കളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തിക്കോടി വൻമുഖം കടലൂർ മത്സ്യഗ്രാമത്തിലെ അംഗമാണ് ശിഹാബ്.

ജൂലെെ പന്ത്രണ്ടിനാണ് ഷിഹാബ് സഞ്ചരിച്ച തോണി മറിഞ്ഞ് അപകടം സംഭവിക്കുന്നത്. അപകട സമയത്ത് തോണിയിൽ മൂന്ന് പേര് ഉണ്ടായിരുന്നു. എന്നാൽ ഒപ്പമുണ്ടായിരുന്ന കടലൂര്‍ സ്വദേശികളായ സമദും ഷിമിത്തും നീന്തി രക്ഷപെട്ടു. ഉടനെ തന്നെ നാട്ടുകാരുടെയും മത്സ്യ തൊഴിലാളികളുടെയും സഹായത്തോടെ പോലിസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചിരുന്നു. വൈകാതെ കോസ്റ്റല്‍ ഗാര്‍ഡും ബോട്ടില്‍ തിരച്ചിലിനായി എത്തി.