ഗൂഗിൾ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ പാസ്വേര്‍ഡ് പോലും വേണ്ട; നിര്‍ണായക വെളിപ്പെടുത്തലുമായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌സെക്


സ്മാര്‍ട്ട് ഫോണുകള്‍ ലാപ്ടോപ്പുകള്‍ എന്നിവയെല്ലാം ഉപയോഗിക്കാത്ത ആളുകള്‍ ഇന്നത്തെക്കാലത്ത് ഇല്ലെന്ന് തന്നെ പറയാം. ഇവ ഉപയോഗിക്കാനായി ഗൂഗിൾ അക്കൗണ്ട് നിര്‍മ്മിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോടിക്കണക്കിന് ആളുകള്‍ ഗൂഗിള്‍ അക്കൗണ്ട് എന്ന സംവിധാനം ഉപയോഗപ്പെടുത്തുന്നവരാണ്.

ജിമെയിൽ മുതൽ ആൻഡ്രോയിഡ് ഫോണുകളിലെ മറ്റ് സംവിധാനങ്ങളില്‍ വരെ ഗൂഗിള്‍ അക്കൗണ്ടിന്റെ  ഉപയോഗം വളരെ നിർണായകമാണ്. എന്നാല്‍ ഇവയുടെ സുരക്ഷയെക്കുറിച്ച് നാം പലപ്പോഴും ചിന്തിക്കാറില്ല. ഗൂഗിള്‍ അക്കൗണ്ടിന്റെ സുരക്ഷാ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് അത്ര സുഖകരമായ വസ്തുതകളല്ല ഇപ്പോള്‍ പുറത്ത് വരുന്നത്.

ഒരാള്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ തീരുമാനമെടുത്താല്‍ അയാള്‍ക്ക് പാസ്വേര്‍ഡിന്റെ പോലും ആവശ്യമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിങ്ങൾ പാസ്‌വേഡ് പുനഃസജ്ജമാക്കിയാല്‍ പോലും ഹാക്കർമാരുടെ ഇടപെടല്‍ നിയന്ത്രിക്കുക പ്രയാസമാണ്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌സെക് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത്.

ഗൂഗിളിന്റെ വെബ് പ്രവർത്തനങ്ങളുടെയും ബിസിനസ്സിന്റെയും ഭാഗമായിട്ടുള്ള തേർഡ് പാർട്ടി കുക്കീസ് ആണ്‌  ഹാക്കിങ്ങിന് വഴിയൊരുക്കുന്നതെന്നാണ് സൂചന. ഇതുവഴി ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഗൂഗിൾ വിശദാംശങ്ങളിൽ കടന്നുകയറാൻ കഴിയമെന്ന് ക്ലൗഡ്‌സെക് ചൂണ്ടിക്കാട്ടുന്നു. നിങ്ങളുടെ പാസ്‌വേഡുകളും മറ്റ് വ്യക്തിഗത വിശദാംശങ്ങളും സൈൻ ഇൻ ചെയ്യുന്നതിനായി ശേഖരിച്ച് വെക്കുന്നതാണ് പ്രശ്നത്തിന്റെ ഉറവിടകാരണം.

ഈ പ്രശ്‌നം ഗൂഗിളിന്റെ ശ്രദ്ധയില്‍ പെട്ടതായും പ്രശ്‌നം പരിഹരിച്ചതായും വിവിധ മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ട്.എന്നാൽ ആശങ്കകൾ തുടരുകയാണ്. ഉപയോക്താക്കൾക്ക് സ്വകാര്യത വാഗ്ദാനം ചെയ്യുന്നതിനും അതിന്റെ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള വൈറസുകളുടെയും മറ്റും ആക്‌സസ് നിയന്ത്രിക്കുന്നതിനും കമ്പനി പല മാര്‍ഗങ്ങളും നോക്കുന്നുണ്ട്. ഉപയോക്താക്കളുടെ വെബ് പ്രവർത്തനം ട്രാക്കുചെയ്യുന്നത് പരിമിതപ്പെടുത്തുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.