കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; പിടിക്കൂടിയത് ഒന്നരക്കോടിയുടെ സ്വർണ്ണം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണ്ണമാണ് പൊലീസ് പിടികൂടിയത്. വിപണിയില്‍ ഒന്നര കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് യാത്രക്കാരടക്കം 10 പേര് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം വടകര സ്വദേശിയേയും സ്വർണക്കടത്തിന് പിടികൂടിയത്.
ദുബായില്‍ നിന്നും എത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീന്, ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ആബിദ്, മലപ്പുറം സ്വദേശി ആസിഫലി എന്നിവരാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് പൊലീസിന്റെ പിടിയിലായത്. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്. മൂന്നു കറുകളിലാണ് ഇവരെ സ്വീകരിക്കാൻ ആളുകൾ എത്തിയത്.സ്വീകരിക്കാനെത്തിയവരെയും അവർ വന്ന മൂന്ന് കാറുകളും പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു.