സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഇന്ന് വര്‍ധിച്ചത് 600രൂപ


കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സര്‍വ്വകാല ഉയരത്തില്‍ സ്വര്‍ണ്ണ വില. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 55,680 രൂപയും, ഗ്രാമിന് 6,960 രൂപയുമാണ് വില. ഇന്ന് പവന് 600 രൂപയും, ഗ്രാമിന് 75 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ഇത് സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയുടെ റെക്കോര്‍ഡാണ്. രാജ്യാന്തര തലത്തില്‍, സ്വര്‍ണ്ണം ഭീമമായ നേട്ടത്തിലാണ് വാരാന്ത്യത്തില്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് വര്‍ധനയുണ്ട്.

ഇന്നലെയും കേരളത്തിലെ സ്വര്‍ണ്ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു. പവന് 480 രൂപയും, ഗ്രാമിന് 60 രൂപയുമാണ് വില കൂടിയത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 55,080 രൂപയും, ഗ്രാമിന് 6,885 രൂപയുമാണ് വില. നിലവില്‍, ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ സര്‍വ്വകാല ഉയരമാണ്.

ഇത്തരത്തില്‍ ഇന്നലെയും ഇന്നുമായി പവന് 1,080 രൂപയും, ഗ്രാമിന് 135 രൂപയുമാണ് ഒറ്റയടിക്ക് വില കയറിയത്. ഈ മാസത്തെ താഴ്ന്ന നിരക്കിലേക്ക് സ്വര്‍ണ്ണം എത്തിയത് സെപ്തംബര്‍ 2 മുതല്‍ 5 വരെയുള്ള തിയ്യതികളിലാണ്. ഈ ദിവസങ്ങളില്‍ പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമായിരുന്നു വിലനിലവാരം.