‘കാണാതായ സ്വര്‍ണം ബാത്ത് റൂമിലെ ഫ്‌ളഷ് ടാങ്കില്‍; വാണിമേലിലെ വിവാഹവീട്ടിലെ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്


വാണിമേല്‍: വാണിമേലിലെ വിവാഹ വീട്ടില്‍ നിന്നും മുപ്പതുപവനോളം സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കാണാതായ സ്വര്‍ണം കവര്‍ച്ച നടന്ന വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം.

ഇന്നലെ രാത്രി മുതല്‍ വീട്ടിലെ ബാത്ത്‌റൂമിലെ ഫ്‌ളഷില്‍ നിന്നും വെള്ളം പുറത്തുവരുന്നുണ്ടായിരുന്നില്ലെന്നും രാവിലെ ടാങ്ക് അഴിച്ചപ്പോഴാണ് അതിനുള്ളില്‍ സ്വര്‍ണം കണ്ടതെന്നും വീട്ടുടമ വെള്ളിയോട് എം.എന്‍.ഹാഷിം തങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസെത്തി സ്വര്‍ണം എടുത്തുകൊണ്ടുപോകുകയുമായിരുന്നു.

ഇതോടെ മോഷണത്തിന് പിന്നില്‍ വീടുമായി അടുത്തബന്ധമുള്ളവര്‍ ആരോ ആണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. വിരല്‍ അടയാളം ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് മോഷ്ടാവ് സ്വര്‍ണം വീട്ടില്‍ തന്നെ ഉപേക്ഷിച്ചതെന്നും ഈ സാഹചര്യത്തില്‍ വീട്ടുകാരെ ചോദ്യം ചെയ്ത് കേസുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.

വിവാഹത്തിന്റെ തലേദിവസം രാത്രി ഒമ്പതുമണിക്കും പത്തരയ്ക്കും ഇടയിലായിരുന്നു വീട്ടില്‍ നിന്നും സ്വര്‍ണം നഷ്ടമായത്. ഈ സമയത്ത് അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഒമ്പതുമണിക്ക് വീട്ടിലെത്തിയ ബന്ധുക്കള്‍ക്ക് സ്വര്‍ണം കാട്ടിക്കൊടുക്കാനായി എടുത്തിരുന്നു. അതിനുശേഷം അലമാര പൂട്ടാതെ ആഹാരം കഴിക്കാനായി എല്ലാവരും പോയ സമയത്താണ് സ്വര്‍ണം നഷ്ടമായത്. പിന്നീട് പത്തരയോടെ വധുവിനെ അണിയിക്കാനായി സ്വര്‍ണം എടുക്കാന്‍ എത്തിയപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം അറിഞ്ഞതെന്നാണ് ബന്ധുക്കള്‍ നേരത്തെ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

പകരം സ്വര്‍ണ്ണാഭരണം വാങ്ങിച്ച് വിവാഹ ചടങ്ങുകള്‍ മുടക്കമില്ലാതെ നടന്നു. വീട്ടില്‍ അപരിചിതര്‍ ആരും വന്നിട്ടില്ലെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്.