ഹൈടെക് കൂടുകളില്ല, വിലകൂടിയ തീറ്റയില്ല, വര്‍ഷം ഒരുലക്ഷം വരെ വരുമാനം! മലബാറി ആടുവളര്‍ത്തലില്‍ മാതൃകയായി അരിക്കുളം സ്വദേശി കോയക്കുട്ടി


അരിക്കുളം: പത്തുവര്‍ഷം മുമ്പ് ഒരു നേരം പോക്കായി തുടങ്ങിയതാണ് അരിക്കുളം ഏക്കാട്ടൂര്‍ തിയ്യറോത്ത് കോയക്കുട്ടി ആടുകളുമായുള്ള ചങ്ങാത്തം. എന്നാല്‍ ഇന്ന് കോയക്കുട്ടിയ്ക്കും കുടുംബത്തിനും തരക്കേടില്ലാത്ത വരുമാനം കിട്ടുന്ന ഒന്നായി ഈ നേരംപോക്ക് മാറിക്കഴിഞ്ഞു.

നാടന്‍ മലബാറി ഇനത്തില്‍പ്പെട്ട ഒരാടിനെയും രണ്ടു കുട്ടികളെയുമാണ് കോയക്കുട്ടി ആദ്യം വാങ്ങിയത്. അത് പെറ്റ് പെരുകി. ഇപ്പോള്‍ സഹജീവികളായി കുറെ എണ്ണമുണ്ട്. വര്‍ഷം ഒരുലക്ഷം രൂപവരെ വരുമാനമുണ്ട്. പെരുന്നാള്‍ സീസണില്‍ ആവശ്യക്കാരേറെ. മോഹവിലയില്‍ വില്‍പന.


ഒരുലക്ഷം രൂപവരെ ചെലവ് വരുന്ന ഹൈടെക്ക് കൂടുകള്‍ നിര്‍മിച്ച് ഹൈബ്രിഡ് ആടുകളെ വളര്‍ത്തി അവസാനം നഷ്ടംകയറി പൊറുതിമുട്ടിയവര്‍ക്ക് കോയക്കുട്ടിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. വീട്ടുപറമ്പില്‍ മരം കൊണ്ട് നിര്‍മിച്ച രണ്ട് വലിയ കൂടുകളിലാണ് കോയക്കുട്ടി ആടുകളെ വളര്‍ത്തുന്നത്. കമുക് ചീന്തിയെടുത്ത് കുറഞ്ഞ ചെലവിലാണ് കൂടുകള്‍ തയ്യാറാക്കിയത്. രാവിലെയും വൈകിട്ടും രണ്ട് മണിക്കൂര്‍ വീതം മലയിലും പറമ്പുകളിലും തുറന്നു വിടുന്നതിനാല്‍ വള്ളിപ്പടര്‍പ്പും തൊട്ടാവാടിയും കാട്ടുചെടികളുമാണ് ആടുകളുടെ പ്രധാന ഭക്ഷണം. അയല്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്ന കഞ്ഞിവെള്ളവും ആടുകള്‍ക്ക് ഏറെ പ്രിയങ്കരം. പിണ്ണാക്കും ഗോതമ്പും ചേര്‍ത്തിളക്കിയ വെള്ളമാണ് കുടിവെള്ളം. രാത്രി പ്ലാവില കൂട്ടില്‍ കെട്ടികൊടുക്കും. രോഗം വന്നാല്‍ പരമ്പരാഗത നാടന്‍ മരുന്നു പ്രയോഗം. ഇത്രയുമാണ് ആടുകര്‍ഷകന്‍ എന്ന നിലയില്‍ കോയക്കുട്ടിയുടെ ഉത്തരവാദിത്തങ്ങള്‍.

നാടന്‍ മലബാറി ആടുകള്‍ക്ക് രോഗ പ്രതിരോധ ശേഷി കൂടുതലാണ്. തൊടിയില്‍ വളരുന്ന കാടും പുല്ലും ഇവ ധാരാളം ഭക്ഷിക്കും. പ്രത്യുല്‍പ്പാദനക്ഷമതയിലും പ്രാദേശിക കാലാവസ്ഥയോടുള്ള ഇണക്കത്തിലും ഒന്നാമതാണ് ഇവ. കേരളത്തിലെ തനത് ജനുസ്സാണ് മലബാറി. വടകര ആട്, തലശ്ശേരി ആട് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. ആട് വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ തുടക്കത്തില്‍ ഒരു ആടിനെയും രണ്ടോ മുന്നോ കുട്ടികളെും വളര്‍ത്തി തുടങ്ങുന്നതാണ് അഭികാമ്യമെന്നും നമ്മുടെ സാഹചര്യത്തോടും പരിപാലന രീതികളോടും വേഗത്തില്‍ ഇണങ്ങുന്നവയാണ് മലബാറിയെന്നും അദ്ദേഹം പറയുന്നു.

ആട് കര്‍ഷനായിട്ടും കൃഷി വകുപ്പില്‍ നിന്നും യാതൊരു പ്രോത്സാഹനവും സഹായവും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട് അദ്ദേഹത്തിന്. മൃഗാശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമല്ല. പലതും പണം കൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. ആട് വളര്‍ത്തലിനൊപ്പം രാഷ്ട്രീയ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമാണ് ഈ കര്‍ഷകന്‍. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുകൂടിയാണ് കോയക്കുട്ടി. ഭാര്യ ആസ്യയാണ് ആട് വളര്‍ത്തലില്‍ സഹായിക്കുന്നത്.