ഒരാഴ്ച മുമ്പ് ഗ്യാസ്‌ ബുക്ക് ചെയ്തപ്പോൾ 1061 രൂപയുടെ ക്യാഷ് മെമ്മോ, ഇന്ന് സിലിണ്ടർ വീട്ടിലെത്തിയപ്പോൾ ലഭിച്ചത് 1111 രൂപയുടെ ബില്ല്; ഗ്യാസ് വില വർദ്ധനവിനു പിന്നാലെ പകൽ കൊള്ളയുമായി കൊയിലാണ്ടിയിലെ ഗ്യാസ് ഏജൻസികൾ, ഉപഭോക്താക്കളുടെ പ്രതിഷേധം


കൊയിലാണ്ടി: പാചകവാതക വില വര്‍ധിച്ചതിനു പിന്നാലെ ദിവസങ്ങള്‍ മുമ്പേ ബുക്ക് ചെയ്തവര്‍ക്കും പുതിയ ബില്‍ അനുസരിച്ച് സിലിണ്ടര്‍ വിതരണം ചെയ്യുന്നതിനെതിരെ പ്രതിഷേധമുയരുന്നു. ഒരാഴ്ച മുമ്പേ ബുക്ക് ചെയ്ത് ബില്ല് ലഭിച്ചവര്‍ക്കും സിലിണ്ടര്‍ വിതരണം ചെയ്യുന്നത് പുതിയ ബില്ല് പ്രകാരമുള്ള തുകയിലാണ്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.

ഫെബ്രുവരി 23ന് ഗ്യാസ് ബുക്ക് ചെയ്തതാണ് മരളൂർ സ്വദേശിയായ മണി. 1061 രൂപയുടെ ക്യാഷ് മെമോ ഫെബ്രുവരി 24ന് ഫോണില്‍ മെസേജായി ലഭിക്കുകയും ചെയ്തു. സിലിണ്ടര്‍ വൈകിയതിനെ തുടര്‍ന്ന് ഏജന്‍സിയുമായി ബന്ധപ്പെട്ടെങ്കിലും ഉടനെ എത്തിക്കുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് മണി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇന്ന് സിലിണ്ടര്‍ എത്തിച്ചപ്പോള്‍ മറ്റൊരു ബുക്കിങ് നമ്പറില്‍ 1111 രൂപയുടെ ബില്ലാണ് തനിക്ക് ലഭിച്ചതെന്നാണ് മണി പറയുന്നത്.

ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്ന തൊഴിലാളികളോട് ചോദിച്ചപ്പോള്‍ ഏജന്‍സിയില്‍ നിന്നുള്ള നിര്‍ദേശമാണെന്നാണ് മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഏജന്‍സിയുമായി കൊയിലാണ്ടി ന്യൂസ് ബന്ധപ്പെട്ടപ്പോള്‍ ഗ്യാസ് വിതരണം ചെയ്യുന്ന കമ്പനിയാണ് ബില്‍ ജനറേറ്റ് ചെയ്യുന്നതെന്നും ആ ബില്‍ പ്രകാരമുള്ള തുക വാങ്ങുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നുമാണ് പറഞ്ഞത്. മുമ്പ് ബുക്ക് ചെയ്തവരായാലും ഇന്ന് മുതല്‍ വിതരണം ചെയ്യുന്നവര്‍ക്ക് പുതിയ ബില്‍ ജനറേറ്റ് ചെയ്ത് അതുപ്രകാരമുള്ള തുകയ്ക്കാണ് ഗ്യാസ് വിതരണം ചെയ്യുകയെന്നും ഏജന്‍സി അധികൃതര്‍ പറഞ്ഞു.

ഗ്യാസ് ഏജൻസികൾ ബുക്കിംഗ് സ്വീകരിച്ചത് നിലവിലുള്ള സിലിണ്ടറുകളുടെ സ്റ്റോക്കിന് അനുസരിച്ചാണ്. ഗുണഭോക്താക്കളിൽ നിന്ന് ബുക്ക് ചെയ്യുമ്പോൾ ജനറേറ്റു ചെയ്ത ക്യാഷ് മെമോ അനുസരിച്ചാണ് ബിൽ തുക ഈടാക്കേണ്ടത്. എന്നിരിക്കെ ദിവസങ്ങൾക്ക് മുമ്പ് ബുക്കിംഗ് സ്വീകരിച്ച ഉപഭോക്താക്കളിൽ നിന്ന് ഇന്ന് നിലവിൽ വന്ന പുതിയ നിരക്ക് ഈടാക്കുന്നത് ഏജൻസികളുടെ പകൽ കൊള്ളയാണ് എന്നാണ് ഉപഭോക്താക്കളുടെ പരാതി. ഇതു സംഭന്ധിച്ച് സപ്ലൈ ഓഫീസർക്കും മറ്റ് അതോറിറ്റികൾക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കൊയിലാണ്ടിയിലെ ഒരു കൂട്ടം ഗ്യാസ് ഉപഭോക്താക്കൾ.

Summary: gas price hike Rs 1061 cash memo while booking cylinder, new rate  received from palur resident after price hike