വാതക ശ്മശാനമെന്ന ജനങ്ങളുടെ ആവശ്യം യാഥാർത്ഥ്യത്തിലേക്ക്; കൊയിലാണ്ടി, പയ്യോളി നഗരസഭകളിലെ ശ്മശാനനിര്‍മ്മാണത്തിനായി അവലോകന യോഗം
കൊയിലാണ്ടി: പയ്യോളി, കൊയിലാണ്ടി നഗരസഭകളിലെ വാതക ശ്മശാനമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു. സംസ്ഥാന സര്‍ക്കാര്‍ രണ്ടു കോടി രൂപ വീതമാണ് ഇരു ശ്മാശനങ്ങള്‍ക്കുമായി നീക്ക വെച്ചത്. നഗരസഭകളായിട്ടും രണ്ടിടത്തും പൊതു ശ്മശാനം ഇല്ലാതിരുന്നതിനാല്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ വടകര, വെസ്റ്റ്ഹില്‍ ശ്മശാനങ്ങളെയും അടുത്ത കാലത്തായി തുറന്ന് നല്‍കിയ ചേമഞ്ചേരി വാതക ശ്മശാനത്തെയുമാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. അതിനാല്‍ ഇരു നഗരസഭകളില്‍ നിന്നും ജനകീയമായ ആവശ്യമായി ശ്മശാന പദ്ധതി ഉയര്‍ന്നു വന്നിരുന്നു.
നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭരണാനുമതിക്ക് വേണ്ടി വിശദമായ പദ്ധതി രേഖക്ക് രൂപം നല്‍കാനുള്ള പ്രഥമ അവലോകന യോഗം എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം കോഴിക്കോട് എക്‌സിക്യുട്ടീവ് എഞ്ചിനീയറെ പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കാന്‍ യോഗം ചുമതലപ്പെടുത്തി. മനോഹരമായ പശ്ചാത്തല സൗകര്യങ്ങളോടെയാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്. ഇതിനു മുന്നോടിയായി ഏപ്രില്‍ 18-ന് രാവിലെ പയ്യോളിയിലും, ഏപ്രില്‍ 22-ന് കൊയിലാണ്ടിയിലും സ്ഥലം സന്ദര്‍ശിക്കാനും യോഗത്തില്‍ തീരുമാനമായി.
കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, പയ്യോളി നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ്, എല്‍.എസ്.ജി.ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ചന്ദ്രന്‍ ഇരു നഗരസഭകളിലെയും വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരും കൗണ്‍സിലര്‍മാരുമായ അഡ്വ.കെ.സത്യന്‍, ടി. ചന്തു മാസ്റ്റര്‍, ഇ.കെ.അജിത്, മഹിജ, കെ.ഷിജു,കെ.എ ഇന്ദിര, നിഷ ഗിരീഷ് എന്നിവരും കൊയിലാണ്ടി നഗരസഭ സെക്രട്ടറി സുരേഷ് കുമാര്‍ , എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ സൂരജ്.പി.ജി, സുജ.വി.ഇ, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ രാജിമോള്‍. എസ്.രാജു, അരവിന്ദന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.