പുതിയ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ; ഇനി പാഴ് വസ്തുക്കളില്‍ നിന്നും അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കാം, അലങ്കാര പൂച്ചട്ടി നിര്‍മ്മാണ പരിശീലനത്തിന് തുടക്കം
കൊയിലാണ്ടി: നഗരസഭയില്‍ പുനരുപയോഗ പാഴ് വസ്തുക്കള്‍ക്കൊണ്ട് അലങ്കാര പൂച്ചട്ടി നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. കൊയിലാണ്ടി നഗരസഭയുടെ വരകുന്നിലെ ശുചിത്വ പഠന കേന്ദ്രത്തില്‍ നടന്ന പരിപാടി നഗരസഭ വൈസ് ചെയര്മാന് അഡ്വ :കെ. സത്യന് ഉദ്ഘാടനം ചെയ്തു.
നഗരസഭയിലെ ശുചീകരണ തൊഴിലാകള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, എന്നിവര്‍ക്കാണ് ഉപയോഗശൂന്യമായ ടയറുകള്‍ പുനരുപയോഗത്തിലൂടെ ഭംഗിയാര്‍ന്ന പൂച്ചട്ടികള്‍ നിര്‍മ്മിക്കാനുള്ള പരിശീലനം നല്‍കിയത്. ഗുരുവായൂര്‍ മേഴ്സി കോളേജ് സിഎ.ഒ വിനോദ് ടിസി, ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ പന്തലായനിയിലെ അധ്യാപികമാരായ രോഷ്നി വിനോദ്, രാജി. കെ വിദ്യാലയത്തിലെ ഗ്രീന്‍ അംബാസ്സിഡര്‍മാര്‍ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്കി.
നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സതീഷ് കുമാര്‍ ടി.കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രജില സി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ് മരുതേരി, റിഷാദ് കെ, ഷൈനി കെ. കെ, സീന.എം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.