ഇന്ധനചോര്‍ച്ച; പേരാമ്പ്ര -ഉള്ളിയേരി റോഡിലെ പെട്രോള്‍ പമ്പ് അടച്ചുപൂട്ടി, സമീപത്തെ വീടുകളിലെ കിണറുകളില്‍ ഇന്ധന സാന്നിധ്യം, കുടിവെള്ളംമുട്ടി സമീപവാസികള്‍


പേരാമ്പ്ര: പേരാമ്പ്ര-ഉള്ളിയേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പ്ടാങ്കില്‍ ചോര്‍ച്ച. ടാങ്ക് ചോര്‍ച്ചയെ തുടര്‍ന്ന് സമീപത്തെ വീടുകളിലെ കിണറുകളിലും വയലുകളിലും ഇന്ധന സാന്നിധ്യം കണ്ടെത്തി.ചോര്‍ച്ച  ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പ് അടച്ചുപൂട്ടി.

കഴിഞ്ഞ രണ്ടുദിവസമായി ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതെന്ന് പ്രദേശവാസികളിലൊരാള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതോടെ പ്രദേശത്തെ വീടുകളിലെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. പെട്രോള്‍ പമ്പിന് സമീപത്തായി നാല് വീടുകളാണ് സ്ഥിതി ചെയ്യുന്നത്. ഈ നാല് വീടുകളിലെ കിണറുകളിലെ വെള്ളം മലിനമായിരിക്കുകയാണ്.

കുടിവെള്ളത്തിനും പാചകത്തിനും തുടങ്ങി ഒന്നിനും വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികളിലൊരാള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വെള്ളത്തിന് ഇന്ധനഗന്ധം കൂടിയപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തെ വയലുകളും ഇന്ധനം കലര്‍ന്ന് മലിനമായിട്ടുണ്ട്. വെള്ളത്തില്‍ ഇന്ധനം കലര്‍ന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ പരിസരവാസികള്‍ പരിഭ്രാന്തിയിലാണ്.

പരിസരവാസികളില്‍ ചിലരില്‍ തലവേദന, തലകറക്കം, ചര്‍മ്മത്തിലെ തിണര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ചോര്‍ച്ച തടയാനും, പ്രദേശവാസികളുടെ ആരോഗ്യവും കുടിവെള്ള ലഭ്യതയും സുരക്ഷയും ഉറപ്പാക്കാനും അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവ്ശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്തിനും മലിനീകരണ നിയന്ത്രണബോര്‍ഡിനും പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വെള്ളമെത്തിച്ചാണ് കുടിവെള്ളമുള്‍പ്പെടയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്.