”സീതി സാഹിബിനെ സ്വാതന്ത്ര്യസമര സേനാനികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം”; നന്തിയില്‍ നിന്നും സീതി സാഹിബ് ഹ്യുമാനിറ്റേറിയന്‍ സെന്റര്‍ ഭാരവാഹികളടക്കമുള്ള സംഘം സാഹിബിന്റെ ജന്മഗ്രാമത്തില്‍


എറിയാട്: കെ.എം സീതി സാഹിബിനെ അടുത്തറിയാനും ജന്മനാടിനെ നേരില്‍ കാണാനും നന്തിയില്‍ നിന്നും ഒരു സംഘം കെ.എം സീതി സാഹിബിന്റെ ജന്മഗ്രാമത്തിലെത്തി. നന്തി കടലൂര് പുളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന സീതി സാഹിബ് ഹ്യുമാനിറ്റേറിയന്‍ സെന്റര്‍ ഭാരവാഹികള്‍ അടക്കമുള്ള സംഘമാണ് കെ.എം സീതി സാഹിബിന്റെ ജന്മ ഗ്രാമം നേരില്‍ കാണാന്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ എറിയാട് അഴിക്കോട് എത്തിയത്.

കെ.എം സീതി സാഹിബ് കേരള നിയമസഭാ സ്പീക്കറായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന നന്തി സ്വദേശിയായ ടി.കെ മഹ്മൂദ് സാഹിബിൽ നിന്നാണത്രെ സീതി സാഹിബ് എന്ന മഹാൻ മുസ്ലിം ലീഗിനും പിന്നോക്കം നിൽക്കുന്ന, സമു ദായത്തിനെവിദ്യാഭ്യാസ പരമായും സാമൂഹികമായും മുന്നേറാൻ വേണ്ടി ചെയ്ത പ്രവർത്തനങ്ങളും നാടിനും രാജ്യത്തിന് വേണ്ടിയും ചെയ്തകാര്യങ്ങളും ബോധ്യപ്പെട്ടത് എന്ന് സംഘടന ഭാരവാഹി കൾ പറഞ്ഞു. സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-ജീവ കാരുണ്യ-പാലിറ്റീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി ഒന്നര വർഷം മുൻപ് ഒരു സംഘടനക്ക് രൂപം നൽകാൻ തീരുമാനിച്ചപ്പോൾ, ടി.കെ മഹ്മൂദ് സാഹിബിന്റെ വാക്കുകളാണ് സംഘടനക്ക് സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റെർ എന്ന പേരിട്ടതെന്നും സീതി സാഹിബിനെകുറിച്ച് കൂടുതൽ അറിയുക എന്ന ലക്ഷ്യമാണ് ഈ പഠന യാത്രയുടെ ലക്ഷ്യം എന്നും ഭാരവാഹികൾ പറഞ്ഞു.

അഴിക്കോട് പുത്തന്‍ പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന കെ.എം.സീതി സാഹിബിന്റെ ഖബിറിടത്തില്‍ സിയാറത്ത് ചെയ്തതിന്ന് ശേഷം സംഘം കെ.എം സീതി സാഹിബ് മെമ്മോറിയല്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയും ചെയ്തു. സീതി സാഹിബ് മെമ്മോറിയല്‍ ടി.ടി.സിയില്‍ സംഘത്തിന്ന് സ്വീകരണം നല്‍കി. കേരളത്തിന്റെ നവോത്ഥാന നായകന്‍ കെ.എം സീതി സാഹിബ്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരരംഗത്ത് നടത്തിയ പ്രവര്‍ത്തനവും പോണ്ടിച്ചേരി റോക്ക് ബീച്ചിലെ ട്രിബ്യൂട്ട് വാളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകളുടെ കൂട്ടത്തില്‍ കെ.എം സീതി സാഹിബിന്റെ പേരുണ്ടെങ്കിലും കേരള സര്‍ക്കാര്‍ കെ.എം സീതി സാഹിബിനെ സ്വാതന്ത്ര്യ സമര സേനാനിയായി അംഗീകരിക്കാത്തത് സീതി സാഹിബ് ട്രസ്റ്റ് പ്രസിഡണ്ട് പി.എ സീതി മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ചര്‍ച്ചയായി.

കെ.എം സീതി സാഹിബിനെ കേരള സര്‍ക്കാര്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത ശംസുദ്ദീന്‍ വാത്യേടത്ത് വിവരിച്ചു. സീതി സാഹിബ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സീതി സാഹിബിന്റെ പിതാവ് ഹാജി ശീതി മുഹമ്മദ് സാഹിബ് നിര്‍മ്മിച്ച് സര്‍ക്കാറിനെ ഏല്‍പ്പിച്ച സ്‌കൂളും സമുദായത്തിനിടയില്‍ സീതി സാഹിബ് നടത്തിയ വിദ്യാഭ്യാസ വിപ്ലവവും അതിന്റെ പേരില്‍ കേരള മുസ്ലിങ്ങള്‍ നേടിയ മുന്നേറ്റവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ രൂപീകരണത്തിലെ സീതി സാഹിബിന്റെ പങ്കും ചന്ദ്രിക പത്രത്തിന്റെ തുടക്കവും തുടങ്ങി സീതി സാഹിബ് കൈ ഒപ്പ് വെച്ച് തുടക്കം കുറിച്ച പുരോഗമന പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. അഴിക്കോട് എത്തിയ 31 അംഗ സംഘത്തെ പി.എ.സീതി മാസ്റ്റര്‍, എം.എ.അബ്ദുള്‍ ഗഫൂര്‍, കെ.എം.റഷീദ്, ശംസുദ്ദീന്‍ വാത്യേടത്ത്, സജാദ് കൊടുങ്ങല്ലൂര്‍, പി.എ.മുഹമ്മദ് ഫൈസല്‍, ടി.ടി.സി സ്റ്റാഫുകളും സംഘത്തെ സ്വീകരിച്ചു.

സീതി സാഹിബ് ഹ്യുമാനിറ്റേറിയന്‍ സെന്റര്‍ പ്രസിഡണ്ട് മെയോണ്‍ ഖാദര്‍, ജന.സെക്രട്ടറി ഇസ്മായീല്‍ വി.കെ, ഖജാജി നാസര്‍ ഉപദേശക സമിതി ചെയര്‍മ്മാന്‍ അബൂബക്കര്‍ ഹാജി.കെ, ടി.കെ, റാഫി ദാരിമി, സുബൈര്‍.സി.കെ, മൂസ്സ പുളക്കണ്ടി, മുസ്തഫ അമാന, മൂസ്സ കെ.പി, റഷീദ് മണ്ടോളി, ഹമീദ് പി.കെ, ഉമ്മര്‍ വി.കെ.കെ തുട ങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം സീതി സാഹിബ് പഠന യാത്രയായി കൊടുങ്ങല്ലൂര്‍ അഴിക്കോട് എത്തിയത്.