പ്രമേഹ രോഗികള്‍ക്ക് സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണം; വയോജനങ്ങള്‍ക്ക് കരുതലായി സര്‍ക്കാര്‍, പദ്ധതികള്‍ ഇവയാണ്
കോഴിക്കോട്: വയോജനങ്ങളുടെ പരിപാലനത്തിനും സാമൂഹികസുരക്ഷയ്ക്കും അവകാശസംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതികളുണ്ട്. സംസ്ഥാന സാമൂഹികനീതിവകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.
ഉറപ്പുവരുത്താം, കരുതലും സംരക്ഷണവും
വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള പദ്ധതിയാണ് വയോരക്ഷ. ഇതിലൂടെ അടിയന്തര വൈദ്യസഹായം, ശ്രദ്ധയും പരിചരണവും, പുനരധിവാസം, കെയര്‍ ഗിവര്‍മാരുടെ സഹായം, നിയമസഹായം എന്നിവ ലഭ്യമാക്കും.
ബി.പി.എല്‍. കുടുംബങ്ങളിലെ മുതിര്‍ന്നപൗരന്മാര്‍ക്കുവേണ്ടിയാണ് പദ്ധതി. അത്യാവശ്യഘട്ടങ്ങളില്‍ മറ്റുവിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താം. പദ്ധതിപ്രകാരം 25,000 രൂപവരെയുള്ള ചെലവുകള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ അനുമതി മതി. രണ്ടുലക്ഷംരൂപ വരെയുള്ള ചെലവിന് മോണിറ്ററിങ് സമിതിയുടെയും അതിനു മുകളിലുള്ള ചെലവുകള്‍ക്ക് സര്‍ക്കാരിന്റെയും അനുമതി വേണം.
എന്തിനെല്ലാം?
• അടിയന്തര ശസ്ത്രക്രിയ, കോവിഡ് ചികിത്സ, ആംബുലന്‍സ് സേവനം, പുനരധിവാസം, കെയര്‍ ഗിവര്‍മാരുടെ സഹായം, അത്യാവശ്യ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന്
• ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തുന്ന, അലഞ്ഞുതിരിയുന്ന മുതിര്‍ന്നവരെ പുനരധിവാസ കേന്ദ്രത്തിലെത്തിക്കുന്നതിന്
• പ്രകൃതിദുരന്തം, ആക്രമണങ്ങള്‍, അപകടങ്ങള്‍, പൊള്ളല്‍ ഏല്‍ക്കുക തുടങ്ങിയ ഘട്ടങ്ങളില്‍
• ജീവനോ സ്വത്തിനോ അപകടമുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരിരക്ഷ നല്‍കുന്നതിന്
പ്രമേഹരോഗികള്‍ക്ക് വയോമധുരം
ബി.പി.എല്‍. കുടുംബങ്ങളിലെ പ്രമേഹരോഗികളായ വയോജനങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കും. 60 വയസ്സുകഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പ്രമേഹരോഗിയാണെന്നുള്ള ഡോക്ടറുടെ സാക്ഷ്യപത്രം വേണം.
പ്രായംതെളിയിക്കുന്ന രേഖ, സര്‍ക്കാര്‍ എന്‍.ആര്‍.എച്ച്.എം. ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സ്വയംസാക്ഷ്യപ്പെടുത്തിയ ബി.പി.എല്‍. റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്/ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ്/ വില്ലേജ് ഓഫീസില്‍നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം.