‘വൈദ്യുതി ബിൽ അടച്ചിട്ടില്ല, ഒ.ടി.പി പറയാമോ’; മുക്കത്ത് വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ച് തട്ടിപ്പുകാർ
കോഴിക്കോട്: കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അടച്ചിട്ടില്ല, പണമടക്കാനായി ഒരു നമ്പറിൽ വിളിക്കുക എന്ന മെസ്സേജ് ഫോണിൽ എത്തിയപ്പോൾ വീട്ടമ്മയ്ക്ക് സംശയമൊന്നും തോന്നിയില്ല. ഒടുവിൽ തട്ടിപ്പുകാർ വീട്ടമ്മയുടെ അക്കൗണ്ടിൽ കയറി പണം തട്ടി. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പിൽ കല്ലൂർ വീട്ടിൽ ഷിജിയുടെ ഫോണിലേക്കാണ് മെസ്സേജ് എത്തിയത്.
വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം വീട്ടമ്മയുടെ കയ്യിൽ നിന്ന് 3500 രൂപ തട്ടിയെടുത്തു. കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്നും പണമടയ്ക്കാൻ ഒരു നമ്പറിൽ വിളിക്കണമെന്നും കാണിച്ച് മെസേജ് കണ്ടതോടെ ഷിജി ആ നമ്പറിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു.
ഒരു അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും അതിലൂടെ പത്ത് രൂപ അയക്കാനും ആണ് ഫോണിന്റെ മറുപുറത്തുണ്ടായിരുന്നവർ ആദ്യം ആവശ്യപ്പെട്ടത്. പണം നൽകിയതോടെ ഫോണിലേക്ക് ഒടിപി വരുകയും ഉടനെ തന്നെ അത് ഷെയർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഫോൺ വന്നു. ഷിജി ഒടിപി പറഞ്ഞു നൽകുകയും ചെയ്തു.
അതിനു ശേഷം തുടർച്ചയായി തന്റെ ഫോണിലേക്ക് സന്ദേശമെത്തിയതാണ് ഷിജിക്ക് അൽപ്പം സംശയം തോന്നാൻ കാരണം. വൈകാതെ ഒരു ബന്ധുവിനെ അറിയിക്കുകയും തുടർന്ന് അക്കൗണ്ട് പരിശോധിച്ചപ്പോൾ 3500 രൂപ നഷ്ടപ്പെട്ടതായി മനസ്സിലാക്കുകയുമായിരുന്നു.
മുക്കം പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തട്ടിപ്പുകാർ പല വേഷത്തിൽ കറങ്ങി നടക്കുന്നുണ്ട്, ജാഗ്രത.