കോഴിക്കോട് കലക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു; ബാലുശ്ശേരി സ്വദേശിനിക്കെതിരെ കേസ്
കോഴിക്കോട്: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ സംഭവത്തില്‍ ബാലുശ്ശേരി സ്വദേശിനിക്കെതിരെ കേസ്. കോഴിക്കോട് കലക്ടറേറ്റില്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ടിന്റെ (എഡിഎം) പഴ്‌സനല്‍ അസിസ്റ്റന്റായി ജോലി തരപ്പെടുത്താമെന്നു പറഞ്ഞു കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് മൂന്നര ലക്ഷം രൂപയാണ് യുവതി കൈക്കലാക്കിയത്. എഡിഎമ്മിന്റെ പരാതിയെ തുടര്‍ന്ന് ബാലുശ്ശേരി സ്വദേശിനി സ്മിതയ്‌ക്കെതിരെ പേലീസ് കേസെടുത്തു.
ഇന്നലെയാണ് കോഴിക്കോട് കളക്ട്രേറ്റില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഇന്റര്‍വ്യൂവിനെന്ന് പറഞ്ഞു കളക്ട്രേറ്റില്‍ എത്തിക്കുകയായിരുന്നു. ജോലി കിട്ടാന്‍ പേരിനൊരു ഇന്റര്‍വ്യൂവിനു ഹാജരാകണമെന്നാണു യുവാവിനോടു പറഞ്ഞിരുന്നത്. യുവാവിനെയും അമ്മയെയും വരാന്തയില്‍ നിര്‍ത്തിയ ശേഷം യുവതി ഫയലുമായി കലക്ടറേറ്റിലെ ഡി സെക്ഷനില്‍ കയറി. അവിടെയുള്ള ജീവനക്കാരനോട് താന്‍ ഇവിടെ ജിയോളജി വകുപ്പിലേക്കു സ്ഥലം മാറി വന്നതാണെന്നാണു പറഞ്ഞത്. കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം ജീവനക്കാരന്റെ മേശപ്പുറത്തു ഫയല്‍ വച്ച് ഇപ്പോള്‍ വരാമെന്നു പറഞ്ഞു പുറത്തിറങ്ങി.
ഫയല്‍ ഓഫിസില്‍ ഏല്‍പിച്ചിട്ടുണ്ടെന്നും ഇന്റര്‍വ്യൂ ഉടന്‍ ഉണ്ടാകുമെന്നും യുവാവിനെയും അമ്മയെയും ധരിപ്പിച്ചു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഓഫിസ് ജീവനക്കാരന്‍ ഇതിനകം ജിയോളജി ഓഫിസില്‍ അന്വേഷിച്ചിരുന്നു. അങ്ങനെയൊരു ജീവനക്കാരി ഇല്ലെന്നറിഞ്ഞതോടെ മറ്റു ജീവനക്കാരെയും വിളിച്ചുവരുത്തി. അല്‍പം കഴിഞ്ഞു ഫയല്‍ എടുക്കാന്‍ തിരിച്ചെത്തിയ യുവതിയോട് പെര്‍മനന്റ് എംപ്ലോയീ നമ്പര്‍ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടിയുണ്ടായില്ല.
തുടര്‍ന്ന് എഡിഎം സി.മുഹമ്മദ് റഫീഖിന്റെ നിര്‍ദേശ പ്രകാരം പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയതായി യുവാവ് വെളിപ്പെടുത്തിയതിനെ തുടര്‍ന്നു യുവതിയെ കലക്ടറേറ്റിലെ ഫിനാന്‍സ് വിഭാഗം ഓഫിസില്‍ എത്തിച്ച് അടച്ചിട്ട മുറിയില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തു. എന്നാല്‍ യുവാവിനു പരാതിയില്ലാത്തതിനാല്‍ യുവതിയെ വിട്ടയച്ചു. തുടര്‍ന്ന് തന്റെ ഓഫിസും സര്‍ക്കാര്‍ സംവിധാനവും ദുരുപയോഗം ചെയ്‌തെന്ന എഡിഎമ്മിന്റെ പരാതിയില്‍ യുവതിക്കെതിരെ നടക്കാവ് പൊലീസ് കേസെടുക്കുകയായിരുന്നു.