വെള്ളറക്കാട് റെയിൽവേ സ്റ്റേഷനിൽ ചൂളംവിളി വീണ്ടും ഉയരുന്നു; ഷൊർണൂർ-കണ്ണൂർ മെമു, കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് ഉൾപ്പെടെ നാല് ട്രെയിനുകൾ നിർത്തും
കൊയിലാണ്ടി: യാത്രക്കാരുടെ നീണ്ടനാളത്തെ ആവശ്യത്തിന് ഒടുവിൽ പരിഹാരമാകുന്നു. ഏജൻറ് ഇല്ലാത്തതിനാൽ പ്രവർത്തനം നിലച്ച വെള്ളറക്കാട്, വെള്ളയിൽ റെയിൽവേ സ്റ്റേഷനുകളിൽ തിങ്കളാഴ്ചമുതൽ ട്രെയിനുകൾ നിർത്തും. നൂറ് കണക്കിന് ആളുകൾ ആശ്രയിച്ച് സ്റ്റേഷനുകൾ കൊവിഡിനെ തുടർന്നാണ് താത്ക്കാലികമായി അടച്ചത്. എന്നാൽ കോവിഡിനുശേഷം മറ്റു സ്റ്റേഷനുകൾ തുറന്നപ്പോഴും ഇവ അടഞ്ഞുതന്നെ കിടന്നു. നടത്തിപ്പിന് ആളില്ലാത്തതിനെ തുടർന്നാണ് ഇവയുടെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കാത്തിരുന്നത്.
ഹാൾട്ട് ഏജന്റിനെ തിരഞ്ഞെടുത്ത് നിയമനം നടത്തിയാണ് ഇപ്പോൾ പ്രവർത്തനമാരംഭിക്കുന്നത്. നാല് ട്രെയിനുകൾക്കാണ് വെള്ളറക്കാടും, വെള്ളയിലും സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ചമുതൽ ഷൊർണൂർ-കണ്ണൂർ മെമു, കോഴിക്കോട്-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ്, കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ്, കണ്ണൂർ-ഷൊർണൂർ മെമു എന്നിവ നിർത്തും.
രണ്ടുവർഷത്തോളമായി പൂട്ടിയിട്ടിരിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ കാടുപിടിച്ച അവസ്ഥയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിലായി റെയിൽവേ സ്റ്റേഷനുകളിലെ കാടുപിടിച്ച ഭാഗങ്ങളെല്ലാം വൃത്തിയാക്കിയിട്ടുണ്ട്.
ടിക്കറ്റ് കൗണ്ടർ നടത്തിപ്പിന് ആളില്ലാത്തതുകൊണ്ട് വെള്ളയിൽ ഉൾപ്പെടെയുള്ള അഞ്ച് സ്റ്റേഷനുകളിൽ പാസഞ്ചർ തീവണ്ടികളുടെ സ്റ്റോപ്പ് നിർത്തലാക്കിയിരുന്നു. വെള്ളയിൽ റെയിൽവേ സ്റ്റേഷൻ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഡിവിഷണൽ റെയിൽവേ മാനേജർക്ക് പരാതിനൽകിയിരുന്നു.
Summary: Four trains including Shornur-Kannur MEMU and Kannur-Shornur Unreserved Express will stop at Vellarakkad railway station.