‘അന്ന് തീ കൊളുത്തിയത് ഫ്യൂഡലിസത്തിന്റെ കപട സദാചാരങ്ങൾക്കെതിരെ, യെച്ചൂരിയെന്നാല്‍ കമ്മ്യൂണിസ്റ്റ് മാതൃക’; യെച്ചൂരിക്കൊപ്പമുള്ള വടകരയിലെ ഓര്‍മകള്‍ പങ്കുവെച്ച് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പി.കെ ദിവാകരൻ
വടകര: ”2024 ഏപ്രില്‍ 17, കോട്ടപ്പറമ്പ് നിറയെ ആളുകള്‍, എല്ലാവരും ക്ഷമയോടെ കാത്തിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ വലിയ ജനക്കൂട്ടത്തിന് നടുവിലായി എല്ലാവരെയും നോക്കി നിറഞ്ഞ് ചിരിച്ച് സീതാറം യെച്ചൂരിയെന്ന നേതാവ് എത്തി. പിന്നാലെ നിറഞ്ഞ കൈയ്യടി. ആവേശത്തില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു……” അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വടകര വന്നപ്പോഴുള്ള ഓര്‍മകള്‍ വടകര ഡോട് ന്യൂസുമായി പങ്കുവെക്കുകയാണ് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും, മുന്‍ വടകര ഏരിയാ സെക്രട്ടറിയുമായിരുന്ന പി.കെ ദിവാകരൻ.
”ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് തലശ്ശേരിയിലെ പരിപാടി കഴിഞ്ഞ് യെച്ചൂരി വടകര കോട്ടപ്പറമ്പിലേക്ക് എത്തിയത്. ചെറുപ്പക്കാരും കുട്ടികളും പ്രായമായവരുമടക്കം നൂറ് കണക്കിന് പേരാണ് അന്ന് യെച്ചൂരിയുടെ പ്രസംഗം കേള്‍ക്കാനായി എത്തിയത്. ദേശീയപ്രാധാന്യമുള്ള വിഷയങ്ങളെയായിരുന്നു അന്ന് വേദിയില്‍ അദ്ദേഹം അവതരിപ്പിച്ചത്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലെ ഫാസിസത്തിനെതിരായിട്ടുള്ള, വര്‍ഗീയതയ്‌ക്കെതിരായിട്ടുള്ള നിലപാടുകളില്‍ ശക്തമായ നിലയില്‍ ഊന്നി പറഞ്ഞുകൊണ്ടുള്ള പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്. പൊതുവെ കേരളത്തിലെ ഇടത്പക്ഷ പ്രസ്ഥാനവും, പൊതുജന പ്രസ്ഥാനങ്ങളും വര്‍ഗീതയതക്കെതിരായ പൊതു നിലപാട് സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായി തന്നെ അദ്ദേഹത്തിന്റെ അന്നത്തെ പ്രസംഗം കേള്‍ക്കാന്‍ പൊതുസമൂഹത്തിലെ നിരവധി ആളുകള്‍ വന്നിരുന്നു”.
”രാജ്യം അന്ന് നേരിടുന്ന പൊതു പ്രശ്‌നങ്ങളെ വളരെ നന്നായാണ് അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള പ്രസംഗം വളരെ മനോഹരമായി ലളിതമായ ഭാഷയില്‍ നിധീഷ് നാരായണനായിരുന്നു അന്ന് തര്‍ജ്ജമ ചെയ്തിരുന്നത്. പ്രസംഗശൈലിയിലൂടെ മലയാളികളുടെ നിലപാടുകളെ കണ്ടറിഞ്ഞ് അവതരിപ്പിച്ച കാര്യങ്ങള്‍ അതില്‍ കടന്നുവന്നിരുന്നു. ന്യൂനപക്ഷ-ഭൂരിപക്ഷ പ്രീണനങ്ങളും അതിന്റെ ഭാഗമായി വന്ന വര്‍ഗീയ നിലപാടുകളും ചെറുത്ത് നില്‍ക്കാനാവശ്യമായ ഒരു ഇന്ത്യന്‍ ഭരണഘടന ശക്തമായി മുന്നോട്ട് പോകണമെന്നതാണ് ആ പ്രസംഗത്തില്‍ കൂടുതലായി പറഞ്ഞത്”.
”മുമ്പ് കേളുവേട്ടന്റെ ഒന്നാം ചരമവാര്‍ഷികത്തിനും അദ്ദേഹം വടകരയിലെത്തിയിരുന്നു. അന്ന് ഞങ്ങളൊക്കെ ഡിവൈഎഫ്ഐയുടെ പ്രധാന പ്രവര്‍ത്തകരായിരുന്നു. അന്ന് കണ്ട രസകരമായ കാര്യം ഓര്‍ത്തെടുക്കുകയാണ് സഖാവ്. അന്നും ഇന്നത്തെ പോലെ ധാരാളം ചെറുപ്പക്കാര്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നു. പാര്‍ട്ടിയിലെ ഉന്നതരായ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത പരിപാടിയായിരുന്നു അത്. അന്ന് അദ്ദേഹം അവരേക്കാള്‍ ചെറുപ്പമാണ്. വേദിയിലിരിക്കെ യെച്ചൂരി പാന്റിന്‌റെ പോക്കറ്റില്‍ നിന്നും ഒരു വില്‍സ് എടുത്ത് വലിച്ചു. അത് കണ്ടതോടെ ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് ഭയങ്കര ആശ്ചര്യമായി. പ്രായം കൂടിയ നേതാക്കളൊക്കെ വേദിയിലുണ്ടേല്ലോ എന്ന് ഞങ്ങള്‍ ആലോചിച്ചു. പൊതുനിരത്തുകളില്‍ പുകവലി നിയന്ത്രിക്കുന്നതിന് മുമ്പുള്ള സമയത്തെ അനുഭവമാണിത്. ഞങ്ങളൊക്കെ വേദിയിലേക്ക് നോക്കുകയാണ്. മുതിര്‍ന്ന് നേതാക്കള്‍ ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയും എന്ന് നോക്കി. പക്ഷേ അപ്പോഴാണ് നമ്മുടെ മനസിലൊക്കെയുള്ള കപട സദാചാരമാണ് ഇതൊക്കെ എന്ന് മനസിലായത്. സത്യത്തില്‍ അന്ന് ഫ്യൂഡലിസത്തിന്റെ കപട സദാചാരങ്ങൾക്കെതിരെയായിരുന്നു അദ്ദേഹം തീ കൊളുത്തിയത്. അതുപോലെ കുറേ ക്വാളിറ്റീസ് ഉള്ള നേതാവാണ് യെച്ചൂരി”.
”പഴയ ഫ്യൂഡല്‍ മാടമ്പിമാര്‍ നമ്മുടെ നാട്ടില്‍ നിന്നും വിട്ടുപോയെങ്കിലും അവര്‍ നിലനിര്‍ത്തിയ സംസ്‌കാരങ്ങള്‍ ഇപ്പോഴും നമ്മള്‍ നെഞ്ചേറ്റി നടക്കുകയാണ്. അത്തരം കപട സദാചാരങ്ങളെയും ആചാരങ്ങളെയും ജീവിതത്തെയും ചോദ്യം ചെയ്ത ഒരു വ്യക്തിത്വം കൂടിയാണ് അദ്ദേഹം. അതൊക്കെയും അദ്ദേഹം ജീവിതത്തില്‍ ഉടനീളം മുന്നോട്ട് കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നയാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ജീവിതം അധികമാര്‍ക്കും അറിയാത്തതും”.
”പഠിത്തത്തില്‍ മിടുക്കനായ അദ്ദേഹത്തെ പോലൊരാള്‍ എന്തിന് പൊളിറ്റിക്‌സ് തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് എന്റെ ആത്മപ്രകാശനത്തിനുള്ള മാര്‍ഗമാണ് രാഷ്ട്രീയം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യെച്ചൂരിയെന്നാല്‍ കമ്മ്യൂണിസ്റ്റ് മാതൃകയാണ്. അതില്‍ യാതൊരു തര്‍ക്കവുമില്ല. വരും തലമുറയ്ക്ക് ഒരു മാര്‍ഗദര്‍ശി എന്ന നിലയക്കാണ്” അദ്ദേഹത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Description: former Vadakara Area Secretary PK Divakaran is sharing his memories of when Sitaram Yechury came to Vadakara