” അന്ന് രാത്രി മുണ്ടക്കൈയില്‍ ആന ഇറങ്ങിയതിനാല്‍ രാത്രി വൈകിയും പലരും ഉറങ്ങിയിരുന്നില്ല, അതിനാല്‍ കുറേപ്പേര്‍ക്കെങ്കിലും രക്ഷപ്പെടാനായി” ദുരന്തബാധിത മേഖലയില്‍ ഫോറസ്റ്റ് ഗാര്‍ഡായി ജോലി ചെയ്യുന്ന പുളിയഞ്ചേരി സ്വദേശിനി സ്വപ്‌നരാജി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


മേപ്പാടി: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത മേഖലയില്‍ വനമേഖലയിലും മറ്റും ഒറ്റപ്പെട്ടവരെയും ദുരന്തത്തില്‍ പരിക്കേറ്റ് അവശനിലയില്‍ കഴിയുന്നവരെയുമെല്ലാം കണ്ടെത്താനായി കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. എന്‍.ഡി.ആര്‍.എഫ്, ഫോറസ്റ്റ് ജീവനക്കാരാണ് പ്രധാനമായും തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നത്. മുണ്ടക്കൈ ഭാഗത്തെ വനമേഖലകളില്‍ തിരച്ചില്‍ നടത്തിയ സംഘത്തില്‍ കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി സ്വപ്‌നരാജിയുമുണ്ടായിരുന്നു. നാലര വര്‍ഷക്കാലമായി വയനാട് മുണ്ടക്കൈ ഭാഗത്ത് ജോലി ചെയ്തുവരുന്ന സ്വപ്‌രാജി പറയുന്നത് ഒരു നാടിനെ തന്നെ തകിടംമറിച്ച ദുരന്തമാണ് അവിടെയുണ്ടായതെന്നാണ്.

”ചൂരല്‍മല, അട്ടമല, പുഞ്ചിരമട്ടം, മുണ്ടക്കൈ ഭാഗങ്ങളിലായി പല സംഘങ്ങളായാണ് തിരച്ചില്‍ നടത്തിയത്. കഴിഞ്ഞദിവസം മുണ്ടക്കൈ ഭാഗത്തെ വനമേഖലയിലേക്ക് പോയ സംഘത്തിലാണ് ഞാനുണ്ടായിരുന്നത്.” സ്വപ്‌നരാജി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ”ആദിവാസി മേഖലകൡ താമസിക്കുന്നവരെല്ലാം സുരക്ഷിതരാണ്. ചിലയിടങ്ങളില്‍ റോഡ് തകര്‍ന്നതിനാല്‍ ഈ സംഭവത്തിനുശേഷം പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ പോയ ആദിവാസി ഊരില്‍ നിന്നും ഒരാള്‍ മാത്രമാണ് ഈ സംഭവത്തിനുശേഷം ചൂരല്‍മല അങ്ങാടിയിലും മറ്റും വന്ന് പോയിട്ടുള്ളത്.” അവര്‍ വിശദീകരിച്ചു.

”അന്ന് രാത്രി വെള്ളാര്‍മല സ്‌കൂളിനടുത്തുള്ള റോഡില്‍ നിന്നും മുകളിലേക്കുള്ള ഭാഗത്ത് ആന ഇറങ്ങിയതായി ഫോറസ്റ്റ് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. അതിനാല്‍ രാത്രിവൈകിയും പലരും ഉറങ്ങിയിരുന്നില്ല. വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ആക്ടീവായിരുന്നു. ആനയിറങ്ങിയാല്‍ അതിനെ ഓടിക്കാനായും മറ്റും പടക്കംപൊട്ടിക്കാറുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ പലരും ഉറങ്ങിയിരുന്നില്ല. ആനയെ ഓടിച്ചശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചൂരല്‍മലയിലെ പാലത്തിനടുത്തെത്തിയിരുന്നു. പുഴയില്‍ ശക്തമായി നീരൊഴുക്ക് ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്കാര്യം പ്രദേശവാസികളെ അറിയിക്കുകയും ചെയ്തിരുന്നു. കുറേയേറെപ്പേര്‍ക്ക് ഈ സമയത്ത് മാറിനില്‍ക്കാന്‍ കഴിഞ്ഞു.” അവര്‍ പറഞ്ഞു.

മുണ്ടക്കൈ മേഖലയെന്നു പറയുന്നത് അടുത്തടുത്തായി നൂറുകണക്കിന് വീടുകളുള്ള ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശവാണ്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നും സ്വപ്‌നരാജി വിശദീകരിച്ചു. വളരെ വിശാലമായ ഒരു പ്രദേശത്തെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. പല ഇടങ്ങളിലും എത്തിപ്പെടാന്‍ തന്നെ പ്രയാസമാണ്. കഴിഞ്ഞദിവസങ്ങളില്‍ കിലോമീറ്ററുകളോളം നടന്നും കുന്നുകയറിയും മറ്റുമാണ് ഫോറസ്റ്റ് ജീവനക്കാരടക്കം തിരച്ചില്‍ നടത്തിയത്. പലഭാഗത്തും റോഡുകളും മറ്റും തകര്‍ന്ന് ഉപയോഗശൂന്യമായ അവസ്ഥയാണെന്നും അവര്‍ പറയുന്നു.

പുളിയഞ്ചേരിയിലെ പൊലീസ് ഓഫീസറായ ഉണ്ണിക്കൃഷ്ണന്റെ ഭാര്യയാണ് സ്വപ്‌നരാജി.