കൊയിലാണ്ടിയ്ക്കുമുണ്ട് അഭിമാനിക്കാനേറെ; രഞ്ജി ട്രോഫിയിൽ തിളങ്ങി രോഹൻ, കൊല്ലത്തെ കുന്നുമ്മൽ വീട്ടിൽ ആഹ്ലാദം


കൊയിലാണ്ടി: ചരിത്രത്തില്‍ ആദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനിലില്‍ കടന്നപ്പോള്‍ കൊയിലാണ്ടിയ്ക്കുമുണ്ട് അഭിമാനിക്കാനേറെ. ടീം ഫൈനലിലേയ്ക്ക് കടക്കുവാന്‍ മികച്ച പ്രകടനമാണ് കൊയിലാണ്ടി സ്വദേശിയായ രോഹന്‍ എസ് കുന്നുമ്മല്‍ കേരളത്തിനായി കാഴ്ച വെച്ചത്.

ആദ്യ ഇന്നിംഗ്സില്‍ 30 ഉം രണ്ടാം ഇന്നിംഗ്സിൽ 32 ഉം റണ്ണുകൾ നേടിയ രോഹന്‍ കേരളത്തിനായി നിർണ്ണായക പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യമായി 2021 ല്‍ രഞ്ജി ട്രോഫിക്കായി കളിച്ച രോഹൻ പരുക്കു പറ്റി പുറത്താവുകയായിരുന്നു. എന്നാല്‍ വാശിയോടെ തിരിച്ച് വന്ന് 2022 ല്‍ ഗുജറാത്തിനെതിരെ സെഞ്ചറി അടിച്ചു കേരള റിക്കാര്‍ഡായി മാറി. 2023 ല്‍ ദേവ്ദര്‍ ട്രോഫിയില്‍ ഫൈനലില്‍ സെഞ്ചറി അടിച്ച് മാൻ ഓഫ് ദി മാച്ചായി തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.

മകന്റെ പ്രകടനം ടിവി യിലൂടെ കൊയിലാണ്ടി കൊല്ലത്തെ കുന്നുമ്മല്‍ വീട്ടിലിരുന്നു അച്ഛന്‍ സുശീലും അമ്മ കൃഷ്ണയും അത്യാഹ്ലാദത്തോടെ കണ്ടു. ആശങ്കകള്‍ക്കൊടുവില്‍ കേരളം ഫൈനലില്‍ കടന്നതോടെ ലഡു വിതരണം ചെയ്ത് എല്ലാവരും സന്തോഷം പങ്കുവെച്ചു.

സുശീലിന്റെ അച്ഛന്‍ ഗോവിന്ദനും പേരക്കുട്ടിയുടെ വിജയാഹ്ലാദത്തില്‍ പങ്കുചേര്‍ന്നു. ഹാപ്പി ഹെല്‍ത്ത് ഇന്ത്യ കമ്പനിയുടെ ഡിസ്ട്രിബ്യൂട്ടറാണ് രോഹിതിന്റെ അച്ഛന്‍ സുശീല്‍. അമ്മ കൊയിലാണ്ടി കേരളാ ബാങ്കിന്റെ മാനേജരുമാണ്. എക സഹോദരി എസ് ജിത കോഴിക്കോട് ക്യസ്ത്യന്‍ കോളജില്‍ ബി എ വിദ്യാര്‍ഥിനിയാണ്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനും നാടകീയമായ പുറത്താകലുകള്‍ക്കുമൊടുവിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. ക്വാര്‍ട്ടറില്‍ ഒരു റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡിലാണ് കേരളം സെമിയിലെത്തിയത്. ആദ്യ ഇന്നിങ്സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സെടുത്ത് പുറത്തായി.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന് അഞ്ചാം ദിനം തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമാതോടെ 449-9 എന്ന സ്‌കോറിലേക്ക് വീണെങ്കിലും അവസാന വിക്കറ്റില്‍ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വാലയും ചേര്‍ന്ന് പ്രതിരോധിച്ചു നിന്നതോടെ കേരളത്തിന്റെ ചങ്കിടിപ്പേറുകയായിരുന്നു.

ഒടുവില്‍ ലീഡിനായി വെറും 3 റണ്‍സ് മാത്രം മതിയെന്ന ഘട്ടത്തില്‍ ആദിത്യ സര്‍വാതെയുടെ പന്തില്‍ ബൗണ്ടറിയടിക്കാന്‍ ശ്രമിച്ച നാഗ്വസ്വാലയുടെ ഷോട്ട് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിയതോടെയാണ് കേരളം നാടകീയമായി ഫൈനല്‍ ഉറപ്പിച്ചത്.
കേരള ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രഞ്ജിയിലെ ഏറ്റവും മികച്ച പ്രകടനമാണിത്.