കടലാമ സംരക്ഷണ കേന്ദ്രത്താല്‍ പേരുകേട്ട ഇടം; തീരദേശ ഖനനവും കടലാക്രമണവും തിരിച്ചടിയായി, കടലാമകള്‍ എത്താതെ കൊളാവിപ്പാലം
പയ്യോളി: ഒരുകാലത്ത് കടലാമകളുടെ പ്രിയപ്പെട്ട ഇടമായിരുന്ന കൊളാവിപ്പാലം. കടലാമ സംരക്ഷണ കേന്ദ്രത്താല്‍ പേരുകേട്ട ഇടം. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി ഏറെ പരിതാപകരമാണ്. കൊളാവിപ്പാലത്തേയ്ക്കായി മുട്ടയിടാനായി എത്തുന്ന കടലാമകളുടെ എണ്ണം ഏതാനും വര്‍ഷങ്ങളായി വന്‍ തോതില്‍ കുറഞ്ഞിരിക്കയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഒരു കടലാമകളും മുട്ടിയിടാനായി കൊളാവിപ്പാലത്തേയ്ക്കായി എത്തിയിട്ടില്ല. ഈ വര്‍ഷമാകട്ടെ വന്നത് രണ്ട് ആമകള്‍ മാത്രം. സീസണിന്റെ അവസാനഘട്ടത്തിലാണ് രണ്ടു കടലാമകള്‍ കൊളാവിപ്പാലം കടപ്പുറത്ത് മുട്ടയിട്ടത്. ആദ്യത്തെ ആമയിട്ട 101 മുട്ടകള്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ഫെബ്രുവരി 23ന് കണ്ടെത്തി ഹാച്ചറിയിലേക്കു മാറ്റി. ഫെബ്രുവരി 25ന് രണ്ടാമത്തെ കടലാമയുടെ 153 മുട്ടകളും ഹാച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്.
തീരത്തിന്റെ ഘടന മാറിയതാണ് കടലാമകള്‍ എത്തുന്നത് കുറയാന്‍ കാരണം. അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണ് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിലവില്‍ അഴിമുഖത്ത് അടിയുന്ന മണല്‍ ഖനനം ചെയ്തതോടെ തീരം ഇല്ലാതായി തുടങ്ങി. കടലാമകള്‍ പ്രധാനമായും തീരത്ത് എത്തിയാണ് മുട്ടയിടാറ്. രാത്രികാലങ്ങളില്‍ വേലിയേറ്റത്തിനും വേലിയിറക്കിത്തിനും ഇടയിലുള്ള വേളയിലാണ് ആമകള്‍ മുട്ടയിടാന്‍ കരയില്‍ കയറുന്നത്. ഒറ്റയ്‌ക്കൊറ്റക്കാണ് ഇവയുടെ വരവ്. വേലിയേറ്റ സമയത്ത് വെള്ളം കയറാത്ത ദൂരത്താണ് ഇവ മുട്ടയിടുക. ആദ്യം പിന്‍ കാലുകള്‍ ഉപയോഗിച്ച് മണല്‍ ചികഞ്ഞ് മാറ്റും. ഇങ്ങനെ രണ്ടടിയോളം ആഴത്തിലും ചുറ്റളവിലും മണലില്‍ കുഴിയുണ്ടാക്കും. ഇതില്‍ ഒരാമ 60 മുതല്‍ 150 മുട്ടകള്‍ വരെയിടും. അതുകഴിഞ്ഞ് കുഴി മൂടും. മുട്ടയിട്ടതിന്റെ യാതൊരു ലക്ഷണവും പുറമേ കാണാതിരിക്കാന്‍ ശരീരം അമര്‍ത്തി മണലുറപ്പിക്കും. അതുകഴിഞ്ഞാല്‍ കടലിലേക്ക് മടങ്ങും.
പുലിമുട്ടും ഖനനവും കടലാക്രമണവും തീരദേശത്തിന്റെ ഘടന മാറ്റി മറിച്ചതോടെ ആമകളുടെ വരവും കുറഞ്ഞു. ലോകത്തുള്ള 8 തരം കടലാമകളില്‍ ഏറ്റവും ചെറുതായ ‘ഒലിവ് റിഡ്ലി’ വിഭാഗത്തില്‍പെട്ട ആമകളാണ് പതിവായി ഇവിടെ എത്തിയിരുന്നത്. 1992ലാണ് മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് കടലാമ സംരക്ഷണ സമിതി രൂപീകരിച്ചത്. തീരത്തിടുന്ന മുട്ടകള്‍ കുറുക്കനും മറ്റും നശിപ്പിക്കാതെ സമിതിക്കാര്‍ കടലാമ മുട്ടകള്‍ ശേഖരിക്കും. ശേഖരിക്കുന്ന മുട്ടകള്‍ ഹാച്ചറികളില്‍ എത്തിച്ചാണ് വിരിയിക്കുന്നത്. തീരത്തെ മണല്‍ പരപ്പുതന്നെയാണ് കെട്ടിത്തിരിച്ച് ഹാച്ചറിയാക്കുന്നത്. ഇവിടെ രണ്ടടി ആഴത്തിലും ചുറ്റളവിലും കുഴിയുണ്ടാക്കി മുട്ടകള്‍ അതില്‍ നിക്ഷേപിക്കും. 45 മുതല്‍ 60 ദിവസത്തിനകം സൂര്യതാപമേറ്റ് മുട്ടകള്‍ വിരിയും.
കടലാക്രമണം രൂക്ഷമായതും കടല്‍ഭിത്തി വന്നതോടെയും തീരം ഇല്ലാതായി. അതോടെ ആമകളുടെ വരവ് തീരെ കുറഞ്ഞു. തീരം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്ന ദിവസ വേതനവും നിലച്ചതോടെ കടലാമ സംരക്ഷണ കേന്ദ്രംഅടച്ചു പൂട്ടി. നിലവില്‍ ആറു വയസ്സ് പ്രായമുള്ള രണ്ട് ആമകളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. മീന്‍പിടിക്കുമ്പോള്‍ ലഭിക്കുന്ന പരിക്കേറ്റ ആമകളാണിവ.
വയില്‍ ഒന്നിന് ജന്മനാ വളര്‍ച്ചാ പ്രശ്‌നമുണ്ടായിരുന്നു. ബോട്ടിന്റെ പ്രൊപ്പല്ലര്‍ തട്ടി ഒരു കാല്‍ നഷ്ടപ്പെട്ട കടലാമയാണ് മറ്റൊന്ന്.
ഖനനം കുറച്ച് സര്‍ക്കാര്‍ ധനനിക്ഷേപം നടത്തിയാല്‍ കടലാമ സംരക്ഷണ കേന്ദ്രത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ കഴിയുമെന്നാണ് തീരം പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്ന പ്രതീക്ഷ.