കാവുംവട്ടത്തുകാര്‍ക്ക് ആശ്വാസ വാര്‍ത്ത: ആ കാല്‍പ്പാടുകള്‍ പുലിയുടെത് അല്ല; സ്ഥിരീകരിച്ച് വനം വകുപ്പ്


കൊയിലാണ്ടി: കാവുംവട്ടത്ത് കണ്ട കാല്‍പ്പാടുകള്‍ പുലിയുടെത് അല്ലെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലാണ് കാവുംവട്ടം പയര്‍ വീട്ടില്‍ മീത്തല്‍, അരിയില്‍ മീത്തല്‍ , കെട്ടിന്റെ വളപ്പില്‍ ഭാഗങ്ങളില്‍ പുലി ഇറങ്ങിയതായി വാര്‍ത്ത പരന്നത്.

പ്രദേശത്ത് നാട്ടുകാര്‍ ഇന്നലെ തിരച്ചില്‍ നടത്തുകയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലും വിവരം അറിയിച്ചു.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാല്‍പ്പാടുകള്‍ പരിശോധിച്ചു. പരിശോധനയില്‍ കാല്‍പ്പാടുകള്‍ പുലിയുടെത് അല്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കാവുംവട്ടത്തെ കൗണ്‍സിലര്‍ ഫാസില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കാട്ടുപൂച്ച പോലുള്ള മറ്റേതോ ജീവികളുടെ കാല്‍പ്പാടുകളാകാം ഇതെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.