ഓപ്പറേഷന്‍ ഫോസ്‌കോസ്: കൊയിലാണ്ടിയില്‍ വ്യാപക പരിശോധനയുമായി ഭക്ഷ്യ സുരക്ഷാവകുപ്പ്, നാല് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വ്യാപക പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. പരിശോധനയെ തുടർന്ന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച നാല് സ്ഥാപനങ്ങള്‍ അടക്കാന്‍ നിര്‍ദ്ദേശം നല്‍കി. കൊയിലാണ്ടിയിലെ 30 സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. നാളെയും പരിശോധന തുടരും.
ജില്ലയില്‍ 13 സ്‌ക്വാഡുകള്‍ 573 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 73 സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ 52 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 27 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനില്‍ നിന്ന് ലൈസന്‍സിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഓപ്പറേഷന്‍ ഫോസ്‌കോസിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് ലൈസന്‍സ് ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. മുഴുവന്‍ ഭക്ഷ്യ സരംഭകകരെയും ഭക്ഷ്യ സുരക്ഷ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതാണ് ഡ്രൈവിന്റെ പ്രധാന ലക്ഷ്യം.
ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യ സംരഭകരും എഫ്.എസ്.എസ്.എ.ഐ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കേണ്ടതാണ്. എന്നാല്‍ പലരും ലൈസന്‍സ് എടുക്കുന്നതിനു പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി ലൈസന്‍സ് പരിശോധന കര്‍ശനമാക്കിയത്.