കോഴിക്കോടിനെ സന്തോഷ നഗരമാക്കാന്‍ ഇറങ്ങിത്തിരിച്ചവന്‍; അര്‍ബുദത്തിന്റെ വേദനയിലും നഗരത്തെ സന്തോഷിപ്പിച്ചവന്‍; കൊയിലാണ്ടി അരിക്കുളം സ്വദേശി പ്രിന്‍സിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പി നാട്
അരിക്കുളം : കാന്‍സറിന്‍റെ തീവ്ര വേദനകള്‍ക്കിടയിലും മറ്റുള്ളവരെ പുഞ്ചിരിപ്പിക്കാനായിരുന്നു പ്രിന്‍സിന്റെ ശ്രമം. അര്‍ബുദത്തോടു പൊരുതുമ്പോഴും കോഴിക്കോടിനെ സന്തോഷത്തിന്‍റെ നഗരമാക്കാനുള്ള പദ്ധതികളുമായി പ്രിന്‍സ് ജില്ലയിലുടനീളം ഓടിനടന്നു. എപ്പോഴും പുഞ്ചിരിക്കുന്ന, മറ്റുള്ളവരെ സന്തോഷത്തോടെ മാത്രം കാണാനാഗ്രഹിച്ച, അതിനായി കഠിനമായി പ്രയത്നിച്ച പ്രിന്‍സിന്‍റെ വിയോഗത്തിന്‍റെ വേദനയിലാണ് നാട്ടുകാരും സുഹൃത്തുക്കളും.
കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. കൊയിലാണ്ടി ജെമിനി സ്റ്റുഡിയോയുടെ ഉടമയും ഫോട്ടോഗ്രാഫറുമായ അച്ഛന്‍ രാധാകൃഷ്ണന്റെ പാത പിന്തുടര്‍ന്നായിരുന്നു പ്രിന്‍സും. ഈ അച്ഛനും മകനും നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കിഡ്‌നി സംബന്ധിച്ച അസുഖം ബാധിച്ച് അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. പിന്നീട് ഫോട്ടോഗ്രഫിയുമായി നടക്കുമ്പോഴാണ് പ്രിന്‍സിനും അര്‍ബുദം പിടിപെടുന്നത്.
പ്രിന്‍സിന്റെ ചികില്‍സയുമായി ഒരുപാട് പ്രയാസത്തിലൂടെ കടന്ന് പോവുമ്പോഴാണ് അമ്മയ്ക്കും അര്‍ബുദമാണെന്നറിയുന്നത്.
അമ്മയും മരണത്തിന് കീഴടങ്ങിയതോടെ പ്രിന്‍സും അനിയനും ഒറ്റയ്ക്കായി. എന്നാല്‍ പ്രിയപ്പെട്ടനാട്ടുകാര്‍ അവരെ ഒറ്റയ്ക്കാക്കിയിരുന്നില്ല. പ്രിന്‍സിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വളരെ ആതമാര്‍ത്ഥമായി മുന്‍പിട്ടിറങ്ങിയ അയല്‍വാസി അശോകേട്ടനും അര്‍ബുദത്തിന് കീഴടങ്ങി.
എന്നിട്ടും പ്രിന്‍സ് തളര്‍ന്നിരുന്നില്ല. കോഴിക്കോട് നഗരത്തെ ഹാപ്പിനെസ്സ് നഗരമാക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രിന്‍സും കൂട്ടുകാരും. യുവകൂട്ടായ്മകള്‍ ചേര്‍ന്ന് മാര്‍ച്ചില്‍ കോഴിക്കോട് ബീച്ചില്‍ ബലൂണുകളും മറ്റ് പരിപാടികളും സംഘടിപ്പിച്ച് കോഴിക്കോട് നഗരത്തെ ഫെസ്റ്റിവല്‍ നഗരമാക്കാനുള്ള തിരക്കിലായിരുന്നു പ്രിന്‍സ്. ജീവിതം അര്‍ബുദം വേദനകള്‍ സമ്മാനിച്ചപ്പോഴും ഇനി എത്രകാലം ഉണ്ടെന്ന തിരിച്ചറിവ് വന്നതോടെ എല്ലാം ആസ്വദിക്കാന്‍ തുടങ്ങിയിരുന്നു. തനിയ്ക്ക് ഇഷ്ടമുള്ളതെല്ലാം പ്രിന്‍സ് എത്രയും പെട്ടെന്ന് ചെയ്തുതീര്‍ക്കുകയായിരുന്നു. യാത്രയാണ് പ്രിന്‍സിന് പ്രിയമെന്ന് സുഹൃത്തുക്കളും പറയുന്നു. പല സെലിബ്രിറ്റികളുടെയും ഫോട്ടോയും പ്രിന്‍സ് പകര്‍ത്തിയിരുന്നു.
ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി അരിക്കുളം പിലാതോട്ടത്തില്‍ അച്ഛന്റെ തറവാട്ടിലാണ് സംസ്‌ക്കരിക്കുക.
അച്ഛന്‍: രാധാകൃഷ്ണന്‍. അമ്മ: രാജി.
സഹോദരന്‍: സേഹാന്‍ സോണി കൃഷ്ണ രാജ്.