ശസ്ത്രക്രിയയ്ക്ക് കാത്തുനിന്നില്ല; വേദനകളില്ലാത്ത ലോകത്തേയ്ക്ക് മടങ്ങി ഷിഗില്‍, വിതുമ്പി നാട്


മേപ്പയ്യൂര്‍: ഗുരുതരമായി കരള്‍ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച മഞ്ഞക്കുളം വടക്കേ കാട്ടില്‍ പുതിയോട്ടില്‍ ഷിഗിലിന്റെ വിയോഗത്തില്‍ വിതുമ്പി നാട്. ഇന്ന് ഉച്ചയോടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷിഗില്‍ മരണപ്പെടുന്നത്.

ഗുരുതരമായി കരള്‍ രോഗം ബാധിച്ച ഷിഗില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ചികിത്സയിലായിരുന്നു. ഷിഗിലിന്റെ കരള്‍ മാറ്റിവെയ്ക്കല്‍ ചികിത്സാ ചിലവിനായി 35 ലക്ഷത്തോളം രൂപയായിരുന്നു വേണ്ടിയിരുന്നത്. ഇതിനായി നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ചികിത്സാ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

എന്നാല്‍ ഇതുവരെ 20 ലക്ഷത്തോളം രൂപയാണ് പിരിച്ചെടുക്കാനായത്. അതിനിടെ ഷിഗിലിന്റെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‌കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പണം സംഘടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് മരണം. ഷിഗിലിന്റെ അപ്രതീക്ഷിതമരണത്തില്‍ നാടൊന്നാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. വൈകീട്ട് 6 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

അച്ഛന്‍: കുഞ്ഞിക്കണ്ണന്‍. അമ്മ: ഗീത. ഭാര്യ: അശ്വതി. മകള്‍: പാര്‍വ്വതി.സഹോദരന്‍: നിഖില്‍ ( ബഹ്‌റൈന്‍).