‘ബലിയിടുമ്പോൾ കേളു ഏട്ടന്റെ നിർദേശം അനുസരിച്ചാൽ പരേതാത്മാവിന് ശാന്തി ലഭിക്കുമെന്നായിരുന്നു ചിലരുടെ വിശ്വാസം’; നായർ കുടുംബങ്ങളിലെ മരണാനന്തര കർമ്മങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഇനി കുന്നോത്ത് മുക്കിലെ കേളു നായർ ഇല്ല


കൊയിലാണ്ടി: നായർ തറവാടുകളിലെ മരണാനന്തര കർമ്മങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഇനി കേളു നായർ ഇല്ല. അര നൂറ്റാണ്ടായി കോഴിക്കോട് ജില്ലയിലെ ഏത് നായർ കുടുംബത്തിൽ മരണം സംഭവിച്ചാലും കാർമ്മികത്വത്തിനായി കേളു നായരെത്തുമായിരുന്നു. രാത്രി പകൽ ഭേദമില്ലാതെ അദ്ദേഹത്തിന്റെ വീട്ടിൽ ദൂതന്മാരെത്തിയിരുന്നു.

പാലാത്ത് കുഞ്ഞിക്കണ്ണൻ നായരുടെയും മാതു അമ്മയുടെയും ഏഴ് മക്കളിൽ മൂത്ത മകനാണ് കേളു നായർ. മുത്തഛനായ ചെക്കോട്ടിനായരിൽ നിന്നാണ് മരണാനന്തര കർമ്മങ്ങൾ കേളു നായർ പഠിച്ചത്. പിന്നീട് മരണാനന്തര ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത് അദ്ദേഹമായിരുന്നു.

നാട്ടുകാരുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു കേള നായർ. അതിനാൽ മരിച്ച ആളുടെ പേരു പറയുമ്പോഴേക്കും അദ്ദേഹത്തിന് ആളെ പിടികിട്ടും. കിലോമീറ്ററുകളോളം നടന്ന് പോയി കർമ്മങ്ങൾ ചെയ്ത ചരിത്രമുണ്ട് കേളു നായർക്ക്. പ്രായമായതോടെ ഇരു ചക്ര വാഹനങ്ങളിലു മറ്റുമാരുന്നു അദ്ദേഹം ചടങ്ങുകൾക്കായി പോയിരുന്നു. മരണ ദിവസം, സഞ്ജയനം, പുലകുളി തുടങ്ങിയ ദിവസങ്ങളിൽ കേളു നായരാണ് യഥാവിധി കർമ്മങ്ങൾ ചെയ്യുക.


Also Read- കൊയിലാണ്ടി കുന്നോത്ത് മുക്ക് പണിക്കര്‍കണ്ടി കേളുനായര്‍ അന്തരിച്ചു


ബലി ഇടുമ്പോൾ കേളു ഏട്ടന്റെ നിർദ്ദേശം അനുസരിച്ചാൽ പരേതാത്മാവിന് ശാന്തി ലഭിക്കും എന്നാണ് വിശ്വാസം. പക്ഷെ ജീവിച്ചിരിക്കുമ്പോൾ ശുശ്രൂഷ നൽകാതെ മരണാനന്തര ചടങ്ങുകൾ പൊടിപൂരമാക്കന്ന മക്കളോട് കേളു നായർക്ക് പുഛമാണ്. കർമ്മികൾ എന്ന പേരിൽ പലരും അയ്യായിരവും പതിനായിരവും ചോദിച്ച് വാങ്ങുമ്പോൾ കേളു നായർ കണക്ക് പറയാറില്ല.

എല്ലാവരുടെയും പ്രിയ്യപ്പെട്ട കേളു ഏട്ടനായിരുന്നു കേളു നായർ .പ്രായം കൂടുമ്പോഴും മനസുകൊണ്ട് ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. സൗഹൃദവലയങ്ങളിൽ ചെറുപ്പാരായിരുന്നു അധികവും. അതിരുകളില്ലാത്ത സൗഹൃദം കേളു നായരെ കൂട്ടുതൽ ജനകീയനാക്കി.