ബൈക്കിൽ കയറ്റിയത് തെറ്റിദ്ധരിപ്പിച്ച്, മോഷണ ശ്രമം ചെറുത്തപ്പോൾ തല തോട്ടിൽ ചവിട്ടിപ്പിടിച്ചു; നൊച്ചാട് സ്വദേശി അനുവിൻ്റേത് ക്രൂരമായ കൊലപാതകം
പേരാമ്പ്ര: കൊല്ലപ്പെട്ട നൊച്ചാട് സ്വദേശി അനുവിനെ പ്രതി മുജീബ് റഹ്മാൻ സഹായം വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്. അടുത്ത ജംക്ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് അനുവിനെ ബൈക്കിൽ കയറ്റിയത്. അതിന് ശേഷമാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.
ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനിറങ്ങിയതായിരുന്നു അനു. വേഗത്തിൽ നടന്നുപോവുകയായിരുന്ന അനു മുജീബിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് അടുത്ത ജംക്ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് യുവതിയെ ബൈക്കിൽ കയറ്റുകയായിരുന്നു.
അല്ലിയോറയിലെത്തിയപ്പോൾ മൂത്രശങ്ക തീർക്കാനെന്ന് പറഞ്ഞ് ബൈക്ക് നിർത്തി. തുടർന്ന് കൂടെയിറങ്ങിയ അനുവിനെ മുജീബ് തോട്ടിലേക്ക് തള്ളിയിട്ടു. പിന്നാലെ തോട്ടിലേക്ക് ഇറങ്ങി അനുവിന്റെ ആഭരണങ്ങൾ കവരാനുള്ള ശ്രമം നടത്തി. ഇത് ചെറുക്കാൻ ശ്രമിച്ച അനുവിന്റെ തല പ്രതി തോട്ടിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു. ഇതാണ് യുവതിയുടെ മരണത്തിന് ഇടയക്കിയത്. അനുവിൻ്റെ ശരീരത്തിലുള്ള ആഭരണങ്ങളെല്ലാം ഇയാൾ കവർന്നെടുത്തിരുന്നു.
അനു മുങ്ങിമരിച്ചതാണെന്നും ശ്വാസകോശത്തിൽ ചെളിവെള്ളം കയറിയതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ യുവതി മുങ്ങിമരിച്ചതും ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നുള്ള ബന്ധുക്കളുടെ പരാതിയുമാണ് മരണത്തിൽ വഴിത്തിരിവായത്. കൂടാതെ യുവതിയുടെ കഴുത്തിലും കൈകളിലും ബലമായി പിടിച്ച പാടുകളും വയറ്റിൽ ചവിട്ടേറ്റ പാടുമുണ്ടായിരുന്നു. ഇതാണ് മോഷണ ശ്രമത്തിനിടയിലെ കൊലപാതകമാകാമെന്ന സംശയത്തിലേക്ക് പോലീസിനെ നയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
ശനിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത പ്രതിയെ രാത്രി മുഴുവൻ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഇതേത്തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ബൈക്ക് മോഷ്ടിച്ച് തിരികെ മടങ്ങുന്നതിന് ഇടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രതി ഉപയോഗിച്ച ബൈക്കും കോട്ടും പോലീസ് കണ്ടെടുത്തു. സംഭവ സ്ഥലത്ത് പ്രതിയെയും കൊണ്ട് വന്ന് പോലീസ് തെളിപെടുപ്പ് നടത്തി.
പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജുവിന്റെ മേൽനോട്ടത്തിൽ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.എ.സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബലാത്സംഗം ഉൾപ്പെടെ അൻപതിലധികം കേസുകളിൽ പ്രതിയാണ് പിടിയിലായ മുജീബ് റഹ്മാനെന്ന് പോലിസ് പറഞ്ഞു.