മഴ പെയ്താൽ ‘ഇടി വെട്ടുന്നത്’ ബപ്പൻകാട്ടെ യാത്രക്കാരുടെ നെഞ്ചിൽ; ദുരിതമായി വെള്ളക്കെട്ട്
കൊയിലാണ്ടി: മഴ പെയ്തു തുടങ്ങിയാൽ റോഡിലെ വെള്ളം ഉയരുന്നതിനനുസരിച്ച് പിന്നെ ബപ്പൻ കാടു റോഡിലെ യാത്രക്കാരുടെ നെഞ്ചിൽ ആധി കയറും. ഇന്ന് പെയ്ത മഴയിലും സ്ഥലത്തു വെള്ളമുയർന്നു വെള്ളക്കെട്ടായി.
മഴ തുടങ്ങിയതോടെ ഇതിപ്പോൾ ഇവിടുത്തെ സ്ഥിരം പ്രശ്നമായി മാറിയിരിക്കുകയാണ്. ബപ്പൻകാട് ബസ് സ്റ്റാൻഡിന്റെ സമീപത്താണ് വെള്ളകെട്ടുണ്ടായത്. വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും ഒരേ പോലെ ദുരിത പാത വെട്ടിയിരിക്കുകയാണീ റോഡ്. മഴ തുടങ്ങുമ്പോൾ തന്നെ ഇവിടെ വെള്ളം കെട്ടി നില്ക്കാൻ തുടങ്ങും. കാൽനടയാത്രക്കാർക്ക് മാത്രമല്ല ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർക്കും ഇത് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്.
ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമല്ലാത്തതാണ് സ്ഥലത്തെ പ്രധാന പ്രശ്നം എന്ന് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ‘വെള്ളം ഒഴുകി പോകാൻ യാതൊരു വിധ സംവിധാനങ്ങളുമില്ല. അതിനാൽ തന്നെ ചെറിയ മഴ പെയ്യുമ്പോഴേക്കും വെള്ളക്കെട്ടുണ്ടാവുകയാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ ട്യൂഷൻ സെന്റർ പ്രവർത്തിക്കുന്ന സ്ഥലമായതിനാൽ നിരവധി വിദ്യാർത്ഥികൾ ആണ് ദിവസവും ഈ പാത ഉപയോഗിക്കുന്നത്. എന്നാൽ നടന്നു പോകുന്ന സമയത്ത് ഒരു വാഹനം വന്നാൽ റോഡരികിലേക്ക് മാറി നിൽക്കാൻ പോലും സാധിക്കില്ല. എന്നാൽ നാളുകളേറെയായിട്ടും ഇതിനെതിരെ യാതൊരു വിധ പരിഹാരവും ഉണ്ടായിട്ടില്ല.