കാലാവസ്ഥ മോശം; ബേപ്പൂരിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു (വീഡിയോ)


കോഴിക്കോട്: മോശം കാലാവസ്ഥയെ തുടര്‍ന്ന് ബേപ്പൂരിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ന്യൂനമര്‍ദത്തിന്റെ ഭാഗമായുള്ള കാലാവസ്ഥ മുന്നറിയിപ്പിനൊപ്പം കടല്‍ പ്രക്ഷുബ്ധമായി തിരമാലകള്‍ തീരത്തേക്ക് ഇരച്ചുകയറുന്നതിനാലും സഞ്ചാരികള്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് തിങ്കളാഴ്ച മുതല്‍ ബ്രിഡ്ജ് പ്രവര്‍ത്തനം നിര്‍ത്തി കരയില്‍ കയറ്റിയത്.

തുടങ്ങിയതുമുതല്‍ വിനോദ സഞ്ചാരികള്‍ ഇരച്ചെത്തിക്കൊണ്ടിരുന്ന ബേപ്പൂര്‍ പുലിമുട്ട് തീരത്തെ കടലിലേക്കുള്ള ഫ്‌ലോട്ടിങ് ബ്രിഡ്ജ് അതീവ സുരക്ഷാ സംവിധാനത്തോടെയാണ് പ്രവര്‍ത്തിച്ചുവന്നത്. കഴിഞ്ഞ ദിവസം പവിലിയനിലേക്കുപോലും തിരമാല ഇരച്ചുകയറിയിരുന്നു.

കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കേ കടലില്‍ സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയാണ് താത്കാലികമായി ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിര്‍ത്തിയതെന്നും കാലാവസ്ഥ സാധാരണ നിലയിലായാല്‍ ഉടന്‍ ആരംഭിക്കുമെന്നും നടത്തിപ്പുകാരായ ക്യാപ്ച്ചര്‍ ഡേയ്സ് പ്രതിനിധി നിഖില്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് ബേപ്പൂര്‍ മെറീന ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും, ബേപ്പൂര്‍ പോര്‍ട്ട് അതോറിട്ടിയുടെയും സഹായത്തോടെ ചാലക്കുടി ക്യാപ്ചര്‍ ഡേയ്‌സ് അഡ്വഞ്ചര്‍ ടൂറിസം ആന്‍ഡ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തിലാണ് പാലം നിര്‍മ്മിച്ചത്.

പെട്ടെന്നു ഘടിപ്പിക്കുകയും ഇളക്കുകയും ചെയ്യാമെന്നതിനാല്‍ ആവശ്യത്തിന് അനുസരിച്ചു ഇവ മറ്റിടങ്ങളിലേക്ക് നീക്കാനാകും. 7 കിലോ തൂക്കം വരുന്ന 1300 എച്ച്ഡിപിഇ ബ്ലോക്കുകള്‍ പാലത്തിനു ഉപയോഗിച്ചു. വെള്ളത്തില്‍ താഴാത്ത ബ്ലോക്കുകളില്‍ 2 മീറ്റര്‍ ഇടവിട്ടു താങ്ങുകള്‍ നല്‍കിയിട്ടുണ്ട്. വശങ്ങളില്‍ കൈവരിയുള്ളതിനാല്‍ വീഴാതെ പിടിച്ചു നില്‍ക്കാന്‍ സഹായകമാകുമെന്നു പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ഷമീര്‍ സുബൈര്‍ പറഞ്ഞു.

ആലപ്പുഴ ബീച്ചില്‍ പ്രവര്‍ത്തനമാരംഭിക്കേണ്ട ഫ്‌ലോട്ടിംഗ് ബ്രിഡ്ജാണ് കോഴിക്കോട് ബേപ്പൂരിലേക്ക് വഴിമാറിയെത്തിയത്.

വീഡിയോ കാണാം: