നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍നിന്ന് അഞ്ച് നാടന്‍ബോംബുകള്‍ കണ്ടെടുത്തു


നാദാപുരം:  നാദാപുരത്ത്  കാപ്പാറോട്ട് മുക്കില്‍നിന്ന് അഞ്ച് നാടന്‍ബോംബുകള്‍ കണ്ടെടുത്തു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മതില്‍ കെട്ടുന്നതിന് മണ്ണെടുത്തപ്പോള്‍ പൈപ്പിനുള്ളില്‍ സൂക്ഷിച്ച നിലയിലല്‍ അഞ്ച് നാടന്‍ബോംബുകള്‍ കണ്ടെടുത്തുകയായിരുന്നു. പഴകിയനിലയിലുള്ള നാടന്‍ബോംബുകളാണ് കണ്ടെത്തിയത്.

മതില്‍കെട്ടുന്ന ജോലിക്കാരാണ് പി.വി.സി. പൈപ്പിനുള്ളില്‍നിന്ന് നാടന്‍ബോംബുകള്‍ കണ്ടെടുത്തത്. പൈപ്പിന്റെ ചില ഭാഗങ്ങള്‍ പൊട്ടിച്ചാണ് ഉള്ളിലെന്താണെന്ന് പരിശോധിച്ചത്. രണ്ടുഭാഗവും അടപ്പോടുകൂടിയ നിലയിലായിരുന്നു പൈപ്പുകള്‍. പൈപ്പിന് ഏകദേശം 70 സെന്റീമീറ്റര്‍ നീളവും നാല് ഇഞ്ച് വ്യാസവുമുണ്ട്.

തൊഴിലാളികള്‍ വിവരം പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് ബോംബുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് നാദാപുരം പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് കണ്ടെടുത്ത നാടന്‍ബോംബുകള്‍ ചേലക്കാട് ക്വാറിയില്‍വെച്ച് നിര്‍വീര്യമാക്കി.

ബോംബുകള്‍ പഴക്കമുള്ളതാണെന്നും നേരത്തേ ഭൂമിക്കടിയില്‍ സൂക്ഷിച്ചതാകാനാണ് സാധ്യതയെന്നുമാണ് പോലീസ് പറയുന്നത്.