പിറകിലൂടെയെത്തി കാലില്‍ കടിച്ചു; മണിയൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്


മണിയൂര്‍: മങ്കരയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. മണിയൂര്‍ കെ കെ സി മൊയ്തീന്‍, അലയൊടിക്കുനി അബ്ദുറഹിമാന്‍, എന്‍ കെ ഹാജി, എന്‍ കെ മനാഫിന്റെ ഭാര്യ, പ്രഭാത നടത്തത്തിനിറങ്ങിയ ഒരാള്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. രാവിലെ അഞ്ച് മണിക്കും ആറിനും ഇടയിലാണ് സംഭവം.

ഇന്ന് രാവിലെയോടെ നിസ്‌കാരത്തിനായി പള്ളിയില്‍ പോകുന്ന വഴിയാണ് കെ കെ സി മൊയ്തീനും അബ്ദുറഹിമാനും കടിയേല്‍ക്കുന്നത്. നടന്നുപോകുന്നതിനിടയില്‍ പുറകിലൂടെ വന്ന് കാലിന് കടിക്കുകയായിരുന്നു. വീട്ടുമുറ്റം അടിച്ചുവാരുന്നതിനിടയിലാണ് മനാഫിന്റെ ഭാര്യയെ നായ ആക്രമിക്കുന്നത്.

പരിക്കേറ്റവര്‍ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി.