വെള്ളിയാങ്കല്ല് ഭാഗത്ത് കടലില്‍ മൃതദേഹം കണ്ടെന്ന് മത്സ്യത്തൊഴിലാളികൾ; കൊയിലാണ്ടി മുതല്‍ ബേപ്പൂര്‍ വരെ തിരച്ചില്‍ നടത്തി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്
കൊയിലാണ്ടി: വെള്ളിയാങ്കല്ല് ഭാഗത്ത് കടലില്‍ ഒരു മൃതദേഹം കണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മറൈന്‍ എന്‍ഫോയ്‌സ്‌മെന്റ് തിരച്ചില്‍ നടത്തി. കാസര്‍കോട് കീഴൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ മുഹമ്മദ് റിയാസിനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വിവരം ലഭിച്ചത്.
കൊയിലാണ്ടി മുതല്‍ ബേപ്പൂര്‍ വരെയാണ് തിരച്ചില്‍ നടത്തിയത്. വ്യാഴാഴ്ച വൈകിട്ട് തോണിയില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് വിവരം നല്‍കിയത്. തുടര്‍ന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയത്. ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടര്‍ വി സുനീറിന്റെ നിര്‍ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ പി ഷണ്‍മുഖന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനു തോമസ്, റെസ്‌ക്യൂ ഗാര്‍ഡുമാരായ ടി നിധീഷ്, കെപി സുമേഷ്, വിപിന്‍ലാല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് തെരച്ചില്‍ നടത്തിയത്.
തുടര്‍ന്ന് രാവിലെ 9.30ഓടെ കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് യാത്ര തിരിച്ച സംഘം പുതിയാപ്പ ഹാര്‍ബര്‍, വെള്ളയില്‍ ഹാര്‍ബര്‍, ബേപ്പൂര്‍ ഹാര്‍ബര്‍ പരിധികളില്‍ നിരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ നിന്നൊന്നും മൃതദേഹം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വൈകീട്ട് 5.30ഓടെ തിരച്ചില്‍ അവസാനിപ്പിച്ച് പുതിയാപ്പ ഹാര്‍ബറില്‍ ബോട്ട് അടുപ്പിക്കുകയായിരുന്നു.
Description: Fishing workers said they saw Talil’s body in the sea in Vellankallu area