ഇന്ധനവില താങ്ങാനാവുന്നില്ല; മത്സ്യലഭ്യതയും കുറഞ്ഞതോടെ പ്രതിസന്ധിയിലായി കൊയിലാണ്ടിയടക്കമുള്ള ഹാര്‍ബറുകളിലെ മത്സ്യത്തൊഴിലാളികള്‍; ബോട്ടുകള്‍ ആക്രവിലയ്ക്ക് വിറ്റ് കളംവിടുന്നവരും ഏറെ


കൊയിലാണ്ടി: ഡീസല്‍ വില കുതിച്ചുയര്‍ന്നതോടെ യന്ത്രവല്‍കൃത ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ പെരുവഴിയില്‍. മത്സ്യലഭ്യത കുറഞ്ഞതും ഉയര്‍ന്ന ഡീസല്‍വിലയുമാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്.

കടലില്‍ നിന്നുകിട്ടുന്ന മത്സ്യത്തില്‍ നിന്ന് കിട്ടുന്നതുകൊണ്ട് ഇന്ധനം അടിയ്ക്കാന്‍ തികയാത്ത അവസ്ഥയാണെന്നാണ് ബോട്ടുടമകളും തൊഴിലാളികളും പറയുന്നത്. ഇതോടെ ബോട്ടുകള്‍ അന്തര്‍സംസ്ഥാനക്കാര്‍ക്ക് കിട്ടുന്ന വിലക്ക് വിറ്റൊഴിവാക്കി പലരും മറ്റ് ജോലികള്‍ അന്വേഷിക്കുകയാണ്.

ആക്രി വിലക്ക് പൊളിക്കാന്‍ കൊടുത്ത്, കിട്ടിയ കാശുമായി കളമൊഴിയുന്നവരും ഏറെയാണ്. ബേപ്പൂര്‍, നീണ്ടകര, മുനമ്പം, പൊന്നാനി, പുതിയാപ്പ, കൊയിലാണ്ടി തുടങ്ങി സംസ്ഥാനത്തെ ചെറുതും വലുതുമായ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് നാലായിരത്തോളം യന്ത്രവത്കൃത ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നുണ്ടെന്നാണ് കണക്ക്. ഡീസലിന്റെ അമിതവില കാരണം ഇവയില്‍ പകുതിയിലേറെയും മത്സ്യബന്ധനം താല്‍ക്കാലികമായി നിര്‍ത്തി. ഇതോടെ അനുബന്ധ മേഖലകളായ ഐസ് ഫാക്ടറികള്‍, സ്‌പെയര്‍പാര്‍ട്‌സ് കടകള്‍, വലപ്പണിക്കാര്‍, മത്സ്യം കയറ്റി പോകുന്ന വാഹനങ്ങള്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങിയവരുടെ ജീവിതവും വഴിമുട്ടി.

ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍നിന്ന് തീരക്കടല്‍-ആഴക്കടല്‍ മീന്‍പിടിത്തത്തിനായി പോയിരുന്ന എണ്ണൂറിലധികം യന്ത്രവത്കൃത ബോട്ടുകളില്‍, നൂറ്റമ്പതോളം ബോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ കടലില്‍ പോകുന്നത്. മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ ഇടത്തരം ബോട്ടുകള്‍ക്ക് 1,000 ലിറ്ററും വലിയ ബോട്ടുകള്‍ക്ക് 3,000 ലിറ്ററും ഡീസല്‍ വേണം. ഈ സാഹചര്യത്തില്‍ സര്‍ക്കാറില്‍ നിന്നും അനുഭാവപൂര്‍ണമായ സഹായങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മുന്നോട്ടുപോകാനാവില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.