ആധാര്‍ മറന്നാല്‍ പിഴ വീഴും; കടലില്‍ പോവുന്ന മത്സ്യത്തൊഴിലാളികള്‍ ആധാര്‍ കൈവശം വെച്ചില്ലെങ്കില്‍ 1000 രൂപ പിഴ
കോഴിക്കോട്: തീരസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കടലില്‍ മത്സ്യബന്ധനത്തിനായ് പോവുന്ന തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് കൈവശം വെയ്ക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി. അല്ലാത്തപക്ഷം 1000 രൂപ പിഴ ഒടുക്കാനാണ് തീരുമാനം. ആഭ്യന്തരസുരക്ഷ കണക്കിലെടുത്താണ് ഈ നിബന്ധന കര്‍ശനമാക്കുന്നത്. സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിങ്ങും സ്പെഷ്യല്‍ ബ്രാഞ്ചും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കടലില്‍പോകുന്നവര്‍ തിരിച്ചറിയല്‍കാര്‍ഡ് കരുതണമെന്ന് 2018ല്‍ വ്യവസ്ഥ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കടല്‍വഴി ലഹരിക്കടത്തും തീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ നുഴഞ്ഞുകയറുന്നതും ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കുന്നത്.
ബംഗാളില്‍നിന്നും ഒഡിഷയില്‍നിന്നും ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാന തൊഴിലാളികളാണ് ഇപ്പോള്‍ കൂടുതലായും മത്സ്യബന്ധന ജോലിയില്‍ ഏര്‍പ്പെടുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് ഇവരില്‍ പലരും മത്സ്യത്തൊഴിലാളികള്‍ എന്ന പേരില്‍ പണിയെടുക്കുന്നത്. അതിനാല്‍ തന്നെ വഞ്ചികളിലും ബോട്ടുകളിലും മീന്‍പിടിക്കാന്‍ പോകുന്നവര്‍ ആരെല്ലാമാണെന്ന് അതിന്റെ ഉടമകള്‍ക്കുതന്നെ അറിയാത്ത സ്ഥിതിയുണ്ട്.
എന്നാല്‍ മീന്‍പിടിക്കാന്‍ പോവുമ്പോള്‍ ആധാര്‍ കാര്‍ഡ് കൈവശം വെക്കാന്‍ നിര്‍ബന്ധിക്കുന്നതില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കടല്‍ക്ഷോഭവും മറ്റും ഉണ്ടാകുന്ന അവസരങ്ങളില്‍ യഥാര്‍ഥ രേഖകള്‍ കൈവശംവെക്കുന്നത് സുരക്ഷിതമല്ലെന്നും ഇവര്‍ പറയുന്നു. രേഖകളുടെ പകര്‍പ്പ് കൈവശം വെക്കാന്‍ അനുവദിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ ഇതിന്റെ പ്രായോഗിക വശം ഉള്‍ക്കൊണ്ട് ഭേദഗതി നിര്‍ദേശിക്കുമെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇതുസംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ ഊര്‍ജിതപ്പെടുത്തും. അതിനുശേഷം പരിശോധന വ്യാപകമാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.