മത്സ്യമേഖലയിലെ പണിമുടക്ക് കൊയിലാണ്ടിയിൽ ഭാഗികം


കൊയിലാണ്ടി: കേരളത്തിലെ മത്സ്യമേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള മത്സ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് കൊയിലാണ്ടി മേഖലയില്‍ ഭാഗികം. സമരത്തില്‍ പങ്കെടുത്ത ഏതാനും ബോട്ടുടമകളും വഞ്ചിക്കാരും ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയില്ല. പല വഞ്ചിക്കാരും സമരത്തില്‍ പങ്കെടുക്കാതെ മീന്‍ പിടുത്തത്തിന് പോയി.

ഇന്ധന പ്രതിസന്ധി പരിഹരിക്കുക, ഹാര്‍ബറിനുള്ളിലെ ഏക്കലും ചെളിയും നീക്കം ചെയ്യുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ. കേരള മത്സ്യമേഖലാ സംരക്ഷണ സമിതി 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ സബ്സിഡി നിരക്കില്‍ നല്‍കുക, 25 രൂപയ്ക്ക് മണ്ണെണ്ണ നല്‍കുമെന്നുള്ള പ്രഖ്യാപനം നടപ്പിലാക്കുക, മത്സ്യബന്ധന യാനങ്ങളില്‍ ഉപയോഗിക്കുന്ന ഡീസലിന് ഏര്‍പ്പെടുത്തിയിരിക്കുന്ന റോഡ് സെസ് പിന്‍വലിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൊണ്ടുവന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ദ്രോഹകരമായ നിയമങ്ങളില്‍ മാറ്റം വരുത്തുക, മത്സ്യത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു നല്‍കുക, മത്സ്യഫെഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, തീരദേശ നിയന്ത്രണ നിയമം ഭേദഗതി ചെയ്യുക, പുനര്‍ഗേഹം പദ്ധതി അനുസരിച്ചുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുക, നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.